മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശീയ താൽപര്യത്തിന് വിരുദ്ധം: ഉപരാഷ്ട്രപതി

ന്യൂഡെൽഹി: മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. അത്തരത്തിലുള്ള ആക്രമണങ്ങളെ എല്ലാവരും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് ‘കൊറോണ മഹാമാരി കാലയളവിൽ മാധ്യമങ്ങളുടെ പങ്കും, മാധ്യമ രംഗത്ത് കൊറോണയുടെ സ്വാധീനവും’ എന്ന വിഷയത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മാധ്യമങ്ങൾ നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോർട്ടിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷിച്ച് ഉറപ്പുവരുത്താത്തതും വസ്തുതാ വിരുദ്ധവുമായ അവകാശവാദങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും മാധ്യമങ്ങൾക്ക് ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹാഥ്റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യം തേടിയുള്ള ഹർജി രാജ്യത്ത് ചര്‍ച്ചയാകുമ്പോഴാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ജാമ്യം തേടിയുള്ള സിദ്ദിഖ് കാപ്പന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി യുപി സർക്കാരിനും പൊലീസിനും നോട്ടീസയച്ചിട്ടുണ്ട്.

കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും, യുപി സർക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും.

പ്രമുഖ അഭിഭാഷകൻ കപിൽ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെ ദില്ലി ഘടകം നൽകിയ ഹർജിയിൽ ഹാജരായത്. എന്തുകൊണ്ട് ഹർജിക്കാർ ജാമ്യഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, അഭിഭാഷകന് സിദ്ദിഖിനെ കാണാൻ പോലും അനുമതി ലഭിക്കുന്നില്ലെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു.