കൊച്ചി: കർണാടകം 200 മീറ്റർ അതിർത്തി കയ്യേറി റോഡുകൾ അടച്ചതെന്ന സത്യവാങ്മൂലവുമായി കേരളം ഹൈക്കോടതിയിൽ. കാസർകോട് – മംഗലാപുരം അതിർത്തിയിലെ പത്തോർ റോഡാണ് അതിക്രമിച്ച് കയ്യേറിയത്.
കർണാടക അതിർത്തി അടച്ചത് കാരണം ചികിത്സ കിട്ടാതെ മരിച്ചത് ആറ് പേരാണെന്നും കോടതിയെ കേരളം അറിയിച്ചു. കേസ് ഉച്ച തിരിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.
കേരള, കർണാടക അതിർത്തിയിലുള്ള 17 റോഡുകളിൽ 12 എണ്ണം അടയ്ക്കാൻ തീരുമാനിച്ചത് ഇരുസംസ്ഥാനങ്ങളും സംയുക്തമായാണെന്ന് കേരളം വ്യക്തമാക്കുന്നു. എന്നാൽ അഞ്ച് റോഡുകൾ കൂടി കർണാടകം നിർബന്ധപൂർവം അടയ്ക്കുകയായിരുന്നു. ഇത് കേന്ദ്രനിർദേശത്തിന്‍റെ ലംഘനമാണ്.
തലപ്പാടി ദേശീയ ഹൈവേ അടക്കം അഞ്ച് റോഡുകളാണ് കർണാടക മണ്ണ് ഉയർത്തി അടച്ചത്. ഇതുവഴി അടിയന്തര ആവശ്യത്തിന് വരുന്ന ആംബുലൻസുകളെപ്പോലും കയറ്റി വിടുന്നില്ല. കർണാടകയിൽ ചികിത്സ നടത്തുന്ന ആറ് പേരാണ് മരിച്ചത്. ഇത് വഴി കയറ്റി വിട്ടിരുന്നെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നു. എല്ലാവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരായിരുന്നു. അതിർത്തി അടച്ചതിലൂടെ കർണാടക സ്വീകരിക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാടാണെന്നും കേരളം.
കാസർകോട് സ്വദേശികൾക്ക് ചികിത്സ നൽകാൻ ഒരുക്കമാണെന്ന് മംഗലാപുരത്തെ ആശുപത്രികൾ നേരത്തേ തന്നെ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറെ അയച്ചതാണ്. ഈ വിഷയം കേരളം ഔദ്യോഗികമായി ഉന്നയിച്ച എല്ലാ ഇടത്തും, കർണാടക മറച്ചുവച്ചു. ആശുപത്രി ഉടമകൾ ഒരുമിച്ച് നൽകിയ കത്ത് കേരളം സത്യവാങ്മൂലത്തിനൊപ്പം കേരളം ഹൈക്കോടതിയ്ക്ക് കൈമാറി. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതിനാൽ രോഗികളെ ഇനി അങ്ങോട്ട് പ്രവേശിപ്പിക്കാനാകില്ലെന്നും ചികിത്സ നൽകാനാകില്ലെന്നുമുള്ള വാദം തെറ്റെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കണ്ണൂർ എസ്പി അടക്കം സ്ഥലത്ത് വന്ന് ചർച്ച നടത്തുന്നതിനിടെയാണ് ഏകപക്ഷീയമായി കർണാടക മണ്ണിട്ട് അതിർത്തി അടയ്ക്കുന്നത്. പിന്നീട് മുഖ്യമന്ത്രി അടക്കം കർണാടക സർക്കാരിനോട് വിളിച്ച് സംസാരിച്ചിട്ടും അവർ അയയാൻ തയ്യാറായില്ല. തുടർന്ന് കേന്ദ്രസർക്കാരിനെയും കേരളം സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
ഒരാൾപ്പൊക്കത്തിൽ മണ്ണിട്ട് ഉയർത്തിയ കർണാടകം ഇതുവഴി വരുന്ന ഒരു വാഹനത്തെയും കടത്തി വിടുന്നില്ല. കുടക് – കേരള അതിർത്തി തുറക്കില്ലെന്ന് ഉറച്ച നിലപാടിലാണ് ദക്ഷിണ കന്നഡയിലെ എംപിമാരും മറ്റ് ജനപ്രതിനിധികളും. കേരളത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി അതിർത്തി തുറന്നാൽ സമരത്തിലേക്ക് നീങ്ങുമെന്നാണ് കർണാടകത്തിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് മുന്നറിയിപ്പ് നൽകി. തൽക്കാലം കേരളത്തിലേക്കുള്ള ചരക്ക് നീക്കം ബാവലി – മുത്തങ്ങ ചെക്ക് പോസ്റ്റുകൾ വഴി മാത്രം മതിയെന്ന് കർണാടക സർക്കാർ തീരുമാനിച്ചു.
കേരളത്തിൽ കൊറോണ രോഗബാധിതർ കൂടുന്നത് കൊണ്ട് വഴി അടച്ചില്ലെകിൽ കുടകിൽ രോഗം പകരുമെന്ന വാദമാണ് കർണാടകം ഉന്നയിക്കുന്നത്.
”കേരളത്തിൽ നിന്ന് ഇങ്ങോട്ട് വരുന്ന ആളുകൾക്ക് പരിശോധന നടത്തിയ ശേഷമേ ഇങ്ങോട്ട് കയറ്റിവിടാൻ പറ്റൂ, കേരളത്തിൽ കേസുകൾ ജാസ്തിയാണെന്ന തരത്തിലുള്ള റിപ്പോർട്ട് കർണാടക ചീഫ് സെക്രട്ടറി എനിക്ക് തന്നിട്ടുണ്ട്”, എന്നാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അടക്കം നൽകുന്ന മറുപടി.
ഇതിനിടെ കേരളത്തിലേക്ക് വരുന്ന പച്ചക്കറി ലോറികൾ തടഞ്ഞ് നശിപ്പിക്കുന്ന പ്രവണതയും അതിർത്തിയിലുണ്ട്. സംസ്ഥാന അതിർത്തിയായ മാണിമൂല കാരിക്കാറിൽ കർണാടക മണ്ണിട്ട് റോഡ് അടച്ചതിനാൽ കേരളത്തിൽ നിന്നെത്തിച്ച മറ്റൊരു ലോറിയിലേക്ക് പച്ചക്കറികൾ മാറ്റുന്നതിനിടെയായിരുന്നു സംഘടിച്ചെത്തിയവരുടെ ആക്രമണം.