ബിജെപിയുടെ ഉമ്മാക്കിക്ക് മുന്നിൽ കീഴടങ്ങില്ല: തോമസ് ഐസക്

കൊച്ചി : ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപി ഓഫീൽ നിന്നുള്ള കൽപ്പനകൾ ശിരസാവഹിക്കരുതെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിക്കെതിരെ നടക്കുന്നത് ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളിയാണ്. ബിജെപി കോൺഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടിരിക്കുകയാണെന്ന് ഐസക് അവകാശപ്പെട്ടു. എറണാകുളത്ത് ലെനിൻ സെന്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും മന്ത്രി രൂക്ഷവിമർശനമുന്നയിച്ചു. കാതലായ കാര്യങ്ങൾക്ക് മറുപടി പറയാതെ ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന ധനകാര്യ സ്ഥാപനങ്ങൾ വായ്പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോ?. 99 ൽ ഇടതുസർക്കാരും 2002ലും 2003ലും യുഡിഎഫ് വായ്പ എടുത്തു. അന്ന് ആരും പറഞ്ഞില്ല ഭരണഘടനാ വിരുദ്ധമാണെന്ന്. ലാവ്‌ലിനിലെ സിഎജി റിപ്പോർട്ട് പ്രതിപക്ഷ നേതാവ് ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങൾ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണം. കരട് റിപ്പോർട്ടിൽ മറവിൽ അസംബന്ധം എഴുന്നള്ളിച്ചാൽ തുറന്നുകാട്ടും. കിഫ്ബിയുടെ ഏത് പ്രൊജക്ടിൽ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആര് നടത്തിയെന്ന് വ്യക്തമായി പറയാൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും ഐസക് ചോദിച്ചു.