ബെയ്ജിങ്: ലോകത്തെ കൊള്ളയടിക്കാൻ ചൈനയുടെ പുതിയ തന്ത്രം. ചൈനയുൾപ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർസിഇപി) ഒപ്പിട്ടതോടെ ചൈനയുടെ ഗൂഡനീക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. പതിറ്റാണ്ടുകളായുള്ള ചൈനയുടെ കുതന്ത്രങ്ങളാണ് ഇതോടെ വിജയിച്ചത്. 2012-ൽ നിർദ്ദേശിക്കപ്പെട്ട കരാർ വിയറ്റ്നാം അതിഥേയത്വം വഹിക്കുന്ന ആസിയാൻ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. ഇന്ത്യ കരാറിൽ നിന്ന് പിൻമാറിയിരുന്നു.
‘എട്ടുവർഷത്തെ സങ്കീർണ്ണമായ ചർച്ചകൾ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കാനായതിൽ ഞങ്ങൾ സന്തോഷിക്കുന്നു’ വിയറ്റ്നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫുക്ക് പറഞ്ഞു.
ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതൽ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയുന്നെങ്കിലും മറ്റു രാജ്യങ്ങളലേക്കുള്ള സ്വതന്ത്ര പ്രവേശനമാണ് ചൈനയുടെ ലക്ഷ്യം.
ജപ്പാൻ മുതൽ ഓസ്ട്രേലിയ, ന്യൂസിലൻഡ് വരെ നീളുന്ന രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ താരിഫ് കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, പുതിയ ഇ-കൊമേഴ്സ് നിയമങ്ങൾ ക്രോഡീകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങളായ എടുത്തു പറയുന്നതെങ്കിലും സ്വന്തവ്യാപാര താൽപര്യങ്ങൾക്കൊപ്പം അമേരിക്കയെ മൂക്കുകയറിടുകയാണ് ആത്യന്തിക ലക്ഷ്യം.
അതുകൊണ്ടുതന്നെ യുഎസ് കമ്പനികളേയും മേഖലയ്ക്ക് പുറത്തുള്ള ബഹുരാഷ്ട്ര കമ്പനികളേയും ഇത് ദോഷകരമായി ബാധിക്കും. ട്രാൻസ്-പസഫിക് പങ്കാളിത്തം എന്നറിയിപ്പെട്ടിരുന്ന പ്രത്യേക ഏഷ്യ-പസഫിക് വ്യാപാര ഇടപാടിനെ കുറിച്ചുള്ള ചർച്ചയിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുനിന്നിരുന്നു.
കഴിഞ്ഞ വർഷമാണ് ഒട്ടേറെ ആശങ്കകൾ പരിഹരിക്കപ്പെടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർസിഇപി യിൽ നിന്ന് ഇന്ത്യ പിൻമാറിയത്.
ചൈനയ്ക്ക് പുറമെ ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, മലേഷ്യ, ബ്രൂണെ, ചൈന, കംബോഡിയ, ഇൻഡോനേഷ്യ, ദക്ഷിണ കൊറിയ, ലാവോസ്, മ്യാൻമാർ, ഫിലിപ്പൈൻസ്, സിംഗപ്പുർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഇതിൽ പങ്കാളികളായിട്ടുള്ളത്.