ദേശീയപാതയിൽ സംഘർഷം; അക്രമികൾ അടിച്ചു തകര്‍ത്ത കാറിൽ നിന്നും ലക്ഷങ്ങളുടെ വൻ കുഴല്‍പ്പണവേട്ട

കാസര്‍കോട്: ദേശീയ പാതയിൽ അക്രമികൾ അടിച്ചു തകര്‍ത്ത കാറിൽ നിന്നും 15,65,000 രൂപയുടെ കുഴല്‍പ്പണം ചന്തേര പൊലീസ് പിടികൂടി. ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ കാര്‍ പരിശോധിച്ചപ്പോളാണ് ഡ്രൈവറുടെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ സൂക്ഷിച്ചു വച്ച നിലയില്‍ പണം കണ്ടെത്തിയത്.

കാര്‍ കണ്ണൂര്‍ കൊളവല്ലൂര്‍ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറുവത്തൂര്‍ ഞാണങ്കൈ ദേശീയപാതയിലെ കയറ്റത്തില്‍ വച്ചാണ് വ്യാഴാഴ്ച രാത്രി പിന്തുടര്‍ന്ന് വന്ന കാര്‍ കുറുകെയിട്ടു കുഴല്‍പ്പണം കടത്തിയ കാറിന്റെ ഡ്രൈവര്‍ സീറ്റിനടുത്ത ഗ്ലാസ് അടിച്ചു പൊട്ടിച്ചത്.

ഡ്രൈവര്‍ കാര്‍ നിര്‍ത്തി ചെറുവത്തൂര്‍ ഭാഗത്തേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമിസംഘം എത്തിയ വാഹനത്തില്‍ വാളുകളും കത്തിയും ഉണ്ടായിരുന്നതായി ദൃക് സാക്ഷികള്‍ പറഞ്ഞു. അതുവഴി എത്തിയ ഒരാള്‍ വിവരമറിയിച്ചതനുസരിച്ച്‌ ചന്തേര പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം വന്ന വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടിരുന്നു. ഗ്ലാസ് അടിച്ചു തകര്‍ത്ത കാര്‍ സ്റ്റേഷനില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.

ചന്തേര പൊലീസ് കുഴല്‍പ്പണവുമായി പിടിച്ചെടുത്ത കാര്‍ സ്ഥിരമായി കള്ളക്കടത്തിന് ഉപയോഗിക്കുന്നതാണെന്ന് സൂചന. കാറിന്റെ ഡ്രൈവര്‍ സീറ്റിന് അടിയിലെ രഹസ്യ അറയില്‍ നിന്നാണ് പണം പിടിച്ചത്. ഇത് പ്രത്യേകം തയ്യാറാക്കിയതാണ്. പിറകില്‍ യാത്രക്കാര്‍ ഇരിക്കുന്ന ഭാഗത്തും ഡിക്കിയിലും രഹസ്യ അറയുണ്ടാക്കിയിട്ടുണ്ട്.