ഗുരുവായൂര്‍ ക്ഷേത്രത്തിൽ വാദ്യരംഗത്ത് ജാതിഭ്രഷ്ട്: കോടതിയെ സമീപിക്കാൻ ഒരുങ്ങി കലാകാരൻമാർ

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് അപ്രഖ്യാപിത ജാതിഭ്രഷ്ടുളളതായി കലാകാരൻമരുടെ വെളിപ്പെടുത്തൽ. ക്ഷേത്രത്തിനകത്ത് മേൽ‍ജാതിയില്‍പ്പെട്ട വാദ്യകലാകാരൻമാര്‍ക്ക് മാത്രമാണ് അവസരമുളളതെന്നാണ് ആക്ഷേപം. ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കലാകാരൻമാർ.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശേഷാവസരങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകക്കും കലാകാരൻമാരെ ക്ഷണിച്ചുകൊണ്ടുവരുന്നത് ജാതിസമവാക്യങ്ങള്‍ നോക്കിയാണെന്നാണ് ആരോപണം. ദളിത് വിഭാഗക്കാര്‍ക്കൊന്നും ക്ഷേത്രത്തിനകത്തെ വാദ്യങ്ങളില്‍ പങ്കെടുക്കാനാകില്ല.

കഴിഞ്ഞ 40 വര്‍ഷമായി നിരവധി വേദികളില്‍ കൊട്ടിയ കലാകാരനാണ് കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട്. 301 കലാകാരൻമാരുടെ പ്രമാണിയായി മൂന്നരമണിക്കൂര്‍ പ്രകടനം നടത്തി ലിംക ബുക്സ് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇവാക്കൊന്നും വിലനൽകാതെ ദളിത് വിഭാഗത്തില്‍ പെട്ട തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്ന് ജാതിയുടെ പേരില്‍ അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്നും കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട് പറഞ്ഞു.

വാദ്യകലാകാരൻമാരായ കലാമണ്ഡലം രാജൻ,ചൊവ്വല്ലൂര്‍ സുനില്‍, ഇരിങ്ങപ്പുറം ബാബു ഉള്‍പ്പെടെ നിരവധി പേർക്ക് സമാനമായ അനുഭവങ്ങളുണ്ടായി. പലവട്ടം ഗുരുവായൂർ ദേവസ്വത്തിൻറെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ല.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇപ്പോഴാണ്അശ്രദ്ധയിൽ പെട്ടതെന്നും ജാതിവിവേചനം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം വ്യക്തമാക്കി.