പട്ന: നിതീഷ് കുമാർ മുഖ്യമന്ത്രിയായി ബിഹാറിൽ എൻഡിഎ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ യോഗത്തിലാണ് തീരുമാനം. വകുപ്പ് വിഭജന ചർച്ചകൾ എൻഡിഎയിൽ തുടരുകയാണ്. ആഭ്യന്തരവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ ബിജെപി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സുശീൽ കുമാർ മോദി തന്നെയാകും ഉപമുഖ്യമന്ത്രിയെന്നാണ് സൂചന.
തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തിലെത്തുകയാണ്. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന ജെ.ഡി.യു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെഡിയുവിന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാകില്ല. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും ഇതിനായി നീക്കം നടത്തിയിരുന്നു.
മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ബി.ജെ.പി, എച്ച്.എ.എം, വി.ഐ.പി എന്നീ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ചിരാഗ് പസ്വാൻ നയിക്കുന്ന എൽജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി തീരുമാനിക്കുമെന്നാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.