ബേക്കൽ: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ആണെന്ന് ബേക്കൽ പോലീസ്. ഇക്കാര്യം വിശദമാക്കി ബേക്കൽ പോലീസ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയും ബേക്കൽ സ്വദേശിയുമായി വിപിൻലാലിനെ തേടി കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ബേക്കലിലെത്തിയത്.
ഓട്ടോയിലിറങ്ങി തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് വിപിനെ നേരിട്ട് കാണാൻ പറ്റാത്തതിനെ തുടർന്ന് അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന്, ബിബിന്റെ അമ്മയെ ബന്ധപ്പെടുകയും പിന്നീട് മൊഴിമാറ്റാൻ ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്നാണ് പോലിസ് റിപ്പോർട്ട്.
പിന്നീട് കത്തുകളിലൂടേയും സമ്മർദം തുടർന്നു. സമ്മർദം കടുത്തതോടെ സെപ്തംബർ 26ന് വിപിൻ ബേക്കൽ പോലീസിന് പരാതി നൽകി.
അന്വേഷണത്തിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയിൽ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിൽ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്.
പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്ന് ബേക്കൽ പോലീസ് പറഞ്ഞു. അതേസമയം കത്ത് എഴുതിയതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.