ന്യൂഡെൽഹി: സുപ്രീം കോടതിയെ ഹാസ്യാത്മകമായി വിമർശിച്ച കുനാൽ കംറക്കെതിരെ കോടതിയലക്ഷ്യ നടപടി. അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കുനാൽ കംറ സുപ്രീം കോടതിയെ വിമർശിച്ചത്. അർണബിനെ ജയിൽമോചിതനാക്കിയ വിധി വന്ന് 24 മണിക്കൂറിനകമാണ് കുനാലിനെതിരെ കോടതിയലക്ഷ്യത്തിന് കത്തും അനുമതിയും തയാറായത്. ഔറംഗാബാദിലെ ശ്രീരംഗ് കട്നേശ്വർകർ എന്നയാൾക്ക് നൽകിയ അനുമതി പത്രത്തിൽ കുനാൽ കംറയുടെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് കെകെ വേണുഗോപാൽ വ്യക്തമാക്കി.
കുനാലിൻ്റെ ട്വീറ്റുകൾ പരിശാധിച്ചുവെന്നും അവ ഹാസ്യത്തിൻ്റെയും കോടതിയലക്ഷ്യത്തിനുമിടയിലുള്ള രേഖ മറികടക്കുന്നതാണെന്നും എ.ജി വ്യക്തമാക്കി. ‘ഓണർ എന്നോ കെട്ടിടം വിട്ടു’ ‘ഈ രാജ്യത്തിൻ്റെ സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ’ എന്നീ ട്വീറ്റുകൾക്കു പുറമെ ത്രിവർണപതാകക്ക് പകരം ഭരണകക്ഷിയായ ബിജെപിയുടെ കൊടി നാട്ടിയ കാവി നിറത്തിലുള്ള സുപ്രീംകോടതി കെട്ടിടം ചിത്രീകരിച്ചുവെന്ന് എജി കുറ്റപ്പെടുത്തി.