കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൂന്ന് ക്രിമിനൽ കേസുകൾ നില നിൽക്കുന്നതിനാൽ ഖമറുദ്ദീന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
ഖമറുദ്ദീനാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെ സൂത്രധാരനെന്നും പത്തനംതിട്ട പോപുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പിന് സമാനമാണ് ഫാഷൻ ഗോൾട്ട് തട്ടിപ്പെന്നുമാണ് സർക്കാരിൻ്റെ നിലപാട്. കേരള നിക്ഷേപ സംരക്ഷണ നിയമ പ്രകാരവും ബഡ്സ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് മറ്റ് ഡയറക്ടർമാരെയും പ്രതിയായി ചേർക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സ്വർണമായും പണമായും നിക്ഷേപം നടത്തിയവരെല്ലം കമ്പനിയിലെ ഓഹരി ഉടമകളാണെന്നായിരുന്നു ഖമറുദ്ദീൻ്റെ അവകാശവാദം. 2007 വരെ നിക്ഷേപിച്ച എല്ലാവർക്കും ഓഹരി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിലും 2019 സെപ്റ്റംബർ വരെ ലാഭവിഹിതം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ ഖമറുദ്ദീൻ കോടതിയെ അറിയിച്ചു.