ജസ്റ്റിസ് കർണൻ പുറത്തുവിട്ട വീഡിയോകൾ തടഞ്ഞുവെക്കാൻ നിർദ്ദേശം

ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ ജസ്റ്റിസ് കർണൻ പുറത്തുവിട്ട വീഡിയോകൾ തടഞ്ഞുവെക്കാൻ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. ഭരണഘടനയിലെ സുപ്രധാന പദവി വഹിച്ചിരുന്ന ജസ്റ്റീസ് കർണൻ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതും അത്യന്തം നിരാശാജനകമാണെന്നും ബെഞ്ച് ഉത്തരവിൽ പറയുന്നു.

ഫേസ്ബുക്ക്, യൂട്യൂബ്, ​ഗൂ​ഗിൾ എന്നിവയോടാണ് ഹൈക്കോടതിയുടെ നിർദ്ദേശം. വീഡിയോയിലൂടെ ജസ്റ്റീസ് കർണൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ അപകീർത്തികരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു വീഡിയോയിൽ കർണൻ ആരോപിച്ചത്.

ചില വനിതാ ജീവനക്കാരുടെ പേരുകളും ജസ്റ്റീസ് കർണൻ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ തമിഴ്നാട് ബാർ കൗൺസിൽ നൽകിയ പൊതു താത്പര്യ ഹർജിയിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതി മുൻ ജ‍‍ഡ്ജിയുടെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ജസ്റ്റീസ് കർണനെതിരെ കേസെടുത്തിരുന്നു.

തന്റെ അന്യായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികാരികളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് ജസ്റ്റീസ് കർണൻ നടത്തിയതെന്ന് തമിഴ്നാട് ബാർ കൗൺസിലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.