അനധികൃത സ്വത്ത് സമ്പാദനം; കെഎം ഷാജിയെ എൻഫോഴ്സ്മെൻ്റ് ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് കോഴിക്കോട്ടെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യയെ ഇന്നലെ 11 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകൾ ഭാര്യ ആശയുടെ പേരിലാണുള്ളത്.

അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുകയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം ആരംഭിക്കുകയും ചെയ്തത്. കേസിൽ ഷാജിയുടെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്തുന്നതിനായി ഭാര്യയെ ഉൾപ്പെട ചോദ്യം ചെയ്തത്. സുഹൃത്തുക്കളേയും ബിസിനസ്സ് പങ്കാളികളേയും ചോദ്യം ചെയ്തതിൽ നിന്നും ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഷാജിയെ ഇന്ന് ചോദ്യം ചെയ്യുന്നത്.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി നിർമ്മിച്ച 2 വീടുകൾക്ക് മാത്രം 2 കോടിയിലേറെ നിർമ്മാണ ചിലവ് വരും. ഈ പണം എങ്ങനെ ലഭിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങൾ എങ്ങനെ വാങ്ങി. തുടങ്ങിയ കാര്യങ്ങൾ ഇഡി ചോദിച്ചറിയും. ഒപ്പം സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ സ്ഥലമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ആരായും. ഐഎൻഎൽ നേതാവ് അബ്ദുൾ അസീസ് നൽകിയ പരാതിയിൽ ഷാജിക്ക് ഹവാല ഇടപാടുകളുണ്ടെന്നും പലതവണ വിദേശ യാത്ര നടത്തിയത് ഇതിൻ്റെ ഭാഗമാണെന്നും ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണ സംഘം വ്യക്തത വരുത്തും.

ഇഡിയുടെ ചോദ്യത്തൾക്ക് വ്യക്തമായ ഉത്തരം നൽകാൻ ഷാജിക്ക് സാധിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കും കടന്നേക്കും.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഉൾപ്പെടെയുള്ള ലീഗ് നേതാക്കളിൽ നിന്ന് ഇതേ വിഷയത്തിൽ ഇ.ഡി നേരത്തെ മൊഴിയെടുത്തിരുന്നു.