അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ആത്മഹത്യാ പ്രേരണക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ഹേബിയസ് ഹർജിയിൽ ബോംബെ ഹൈക്കോടതിയാണ് അർണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.

ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാർണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു അർണബ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി വരുന്നതിന് തൊട്ടുമുമ്പായി അർണാബ് അലിബാഗ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി പറഞ്ഞിരുന്നു. നാലു ദിവസത്തിനുള്ളിൽ കേസ് പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങൾ ജാമ്യത്തെ ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നവി മുംബൈയിലെ തലോജ ജയിലിലാണ് നിലവിൽ അർണബുള്ളത്. അലിബാഗിലെ താത്കാലിക ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്നാണ് ഞായറാഴ്ച ഇങ്ങോട്ടേക്ക് മാറ്റിയത്.

ബുധനാഴ്ച രാവിലെ മുംബൈയിൽ അറസ്റ്റിലായ അർണബിനെ രാത്രിയാണ് അലിബാഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ താത്കാലിക ജയിലായി ഉപയോഗിക്കുന്ന സ്കൂളിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. ഇവിടേക്കു മാറ്റുമ്പോൾ അർണബിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നെങ്കിലും മറ്റാരുടേയോ ഫോൺ ഉപയോഗിച്ച് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ ഇടപെടുന്നതായി കണ്ടെന്ന് റായ്ഗഢ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജാമിൽ ശൈഖ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. തുടർന്നാണ് തലോജ ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.