നടപടിക്കിറങ്ങിയ ബാലാവകാശ കമ്മീഷൻ സ്വയം പിൻ വാങ്ങി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട സംഭവത്തിൽ എൻഫോഴ്സ്മെൻ്റിനെതിരേ നടപടിക്കിറങ്ങിയ ബാലാവകാശ കമ്മീഷൻ സ്വയം പിൻവാങ്ങി. ബിനീഷിന്റെ കുടുംബം നൽകിയ പരിതിയിലെ നടപടിയില്‍ നിന്നാണ് ബാലാവകാശ കമ്മീഷന്‍ പിന്മാറിയത്.

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം.

ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവിൽ വെച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ് എടുക്കാൻ ബാലാവകാശ കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.

ബിനീഷിൻെറ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ആയിരുന്നു കമ്മിഷൻ നടപടി.

കേസ് എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയ ബാലാവകാശ കമ്മീഷൻ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. എന്നാൽ, പിന്നീട് കമ്മിഷൻ പിൻമാറുകയായിരുന്നു.