തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാൻ എക്സൈസിന് നിർദേശം. അടച്ചിടൽ കാലത്തും മദ്യപാനികൾക്ക് മദ്യം ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പിൻവാങ്ങൽ ലക്ഷണമുള്ളവർ സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസറുടെ ഓഫീസിൽ ഹാജരാക്കണം. എക്സൈസ് ഓഫീസിൽനിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാൾക്ക് ഒന്നിൽ അധികം പാസുകളും ലഭിക്കില്ല.
നിയമക്കുരുക്കിൽ പെടാത മദ്യപാനികൾക്ക് മദ്യം നൽകാൻ സർക്കാർ കണ്ടു പിടിച്ച വിദ്യ ലോകത്തു തന്നെ ആദ്യമാണെന്ന് ചൂണ്ടി കാണിക്കപെടുന്നു. മദ്യം ലഭിക്കാതെ ഇന്നും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണ് അടച്ചിടൽ കാലത്തേക്ക് ബദൽ സംവിധാനം ഏർപ്പെടു ത്തിയത്.നിശ്ചിത അളവിലാകും മദ്യം നൽകുക. മദ്യം ലഭിക്കാത്തതുമൂലം അസ്വസ്ഥത ഉണ്ടാകുകയാണെങ്കിൽ സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്സൈസ് ഓഫീസിൽ ഹാജരാക്കുകയും വേണം.
നികുതി-എക്സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവിന്റെ വിശദാംശങ്ങൾ
ഇ.എസ്.ഐ. അടക്കമുളള പി.എച്ച്.സി/ എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി/ സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ പിൻവാങ്ങൽ ലക്ഷണങ്ങളുമായി എത്തിച്ചേരുന്നവർ ബന്ധപ്പെട്ട ആശുപത്രികളിൽ നിന്നും ഒ.പി. ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.
പരിശോധിക്കുന്ന ഡോക്ടറുടെ പക്കൽനിന്നും പ്രസ്തുത വ്യക്തി ‘alcohol withdrawal – Sy/100011’ പ്രകടിപ്പിക്കുന്നുവെന്ന് ബോധ്യപ്പെട്ട് നൽകുന്ന ഒരു രേഖ/അഭിപ്രായക്കുറിപ്പ് ഹാജരാക്കുന്ന പക്ഷം അയാൾക്ക് നിശ്ചിത അളവിൽ മദ്യം വിതരണം ചെയ്യാവുന്നതാണ്.
ഇപ്രകാരം ഡോക്ടർ നൽകുന്ന രേഖ/അഭിപ്രായകുറിപ്പ്, രോഗിയോ/രോഗി സാക്ഷ്യപ്പെടുത്തുന്ന മറ്റൊരാളോ സമീപത്തുളള എക്സൈസ് റേഞ്ച് ഓഫീസ് സർക്കിൾ ഓഫീസിൽ ഹാജരാക്കണം.
ഇപ്രകാരം ലഭിക്കുന്ന രേഖ അഭിപ്രായ കുറിപ്പ് പരിഗണിച്ച്, ഹാജരാക്കുന്ന ആധാർ കാർഡ് ഇലക്ഷൻ ഐ.ഡി, കാർഡ് ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും അടിസ്ഥാനമാക്കി ഈ ഉത്തരവിനോടൊപ്പം അനുബന്ധമായി ഉൾക്കൊള്ളിച്ചിട്ടുളള ഫോറത്തിൽ (മദ്യം വിതരണം ചെയ്യുന്നതിനുളള പാസ്സ്, എക്സൈസ് റേഞ്ച് ഓഫീസ്/സർക്കിൾ ഓഫീസിൽ നിന്നും അനുവദിക്കേണ്ടതാണ്. ഒരാൾക്ക് ഒന്നിലധികം പാസ് നൽകുവാൻ പാടുള്ളതല്ല. പാസ് നൽകുന്ന മുറയ്ക്ക് അത് സംബന്ധിച്ച വിവരം ബന്ധപ്പെട്ട എക്സൈസ് ഓഫീസിൽ നിന്നും ബിവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ അറിയിക്കേണ്ടതാണ്.
ഇപ്രകാരം പാസ് ലഭ്യമാകുന്ന വ്യക്തിക്ക്, ബന്ധപ്പെട്ട എക്സൈസ് ഓഫീസിൽ നിന്നും സന്ദേശം ലഭിക്കുന്ന മുറയ്ക്ക്, അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ അളവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL) വിതരണം ചെയ്യുന്നതിന് ബിവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.
എക്സൈസ് വകുപ്പ് വിതരണം ചെയ്യുന്ന പാസ്സിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിനെ സംബന്ധിച്ച വിവരങ്ങൾ അതാതു ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കേണ്ടതാണ്. എക്സൈസ് വകുപ്പിന്റെ ഐ.ടി.സെൽ, വിതരണം ചെയ്യുന്ന പാസ്സുകൾ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതും, ഇരട്ടിപ്പും, മറ്റുതരത്തിലുളള ക്രമക്കേടുകളും ഉണ്ടാകുന്നില്ല എന്ന കാര്യം ഉറപ്പാക്കേണ്ടതുമാണ്.