കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് വൈകും. കസ്റ്റംസ് ഓഫീസിലെ അസിസ്റ്റൻഡ് കമ്മീഷണർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ചോദ്യം ചെയ്യൽ വൈകുന്നത്. കസ്റ്റംസ് ഓഫീസിൽ അണുനശീകരണം നടത്തുന്നതിനായി അഗ്നിശമനസേന ഓഫീലെത്തിയിട്ടുണ്ട്. ഉച്ചയോടെ മന്ത്രിയെ ചോദ്യം ചെയ്യാനാണ് സാധ്യത.
നയതന്ത്ര ചാനല്‍ വഴി നികുതി വെട്ടിച്ചാണ് മതഗ്രന്ഥം സംസ്ഥാനത്ത് ഇറക്കുമതിചെയ്തു വിതരണം ചെയ്തതെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് മതഗ്രന്ഥം ഇറക്കുമതി ചെയ്തതെന്ന ആരോപണം ശക്തമാണ്. ഇതിനൊപ്പം കോണ്സുലേറ്റിനോടു സഹായം ആവശ്യപ്പെട്ടതു ജലീലാണെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുമുണ്ട്. ചോദ്യം ചെയ്യലിനുള്ള ചോദ്യാവലി തയാറാക്കിക്കഴിഞ്ഞു.
ചോദ്യംചെയ്ത ശേഷമേ കേസില്‍ ആരെയെങ്കിലും പ്രതിയാക്കാന്‍ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ ചോദ്യംചെയ്യലിനു ശേഷം ജലീലിനെതിരേ കടുത്ത നിയമനടപടി വരെ സ്വീകരിക്കാമെന്നറിയുന്നു. ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍. നേരത്തേ എന്‍ഐഎയും ഇഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
എന്‍ഐഎയ്ക്കും ഇഡിക്കും നല്കിയ മൊഴികള്‍ കസ്റ്റംസ് പരിശോധിക്കുകയും നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. മാര്‍ച്ച് നാലിനായിരുന്നു നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ മതഗ്രന്ഥം എത്തിച്ചത്.
ജലീല്‍ മന്ത്രിയായ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥം വിവിധ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയി വിതരണം ചെയ്തത്. ഇതു ചട്ടലംഘനമാണ്. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നും ആരോപണമുണ്ട്.
മറ്റൊരു രാജ്യത്തെ വിദേശകാര്യ വിഭാഗവുമായി സംസ്ഥാന മന്ത്രിക്കു നേരിട്ട് ബന്ധപ്പെടാന്‍ നിയമം അനുവദിക്കുന്നില്ല. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂ.
യുഎഇ കോണ്‍സുലേറ്റില്‍ കെ.ടി. ജലീലില്‍ നേരിട്ടു ചെന്നതു ചട്ടലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വിദേശ സംഭാവന സ്വീകരിക്കുന്നതുമായുള്ള നിയമങ്ങളും ജലീല്‍ ലംഘിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മതഗ്രന്ഥത്തിനു പുറമേ യുഎഇയില്‍നിന്ന് ഈന്തപ്പഴം കൊണ്ടുവന്നതിലും ചട്ടലംഘനമുണ്ടായിരുന്നു. ഇതിനെല്ലാം ജലീലില്‍നിന്നു കൃത്യമായ മറുപടികളാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
മതഗ്രന്ഥങ്ങള്‍ മലപ്പുറത്ത് എത്തിച്ചതായി ഇഡിയോടും എന്‍ഐഎയോടും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങളടങ്ങിയ കാര്‍ഗോ മന്ത്രിക്കു കൈമാറിയെന്നു സ്വപ്നയും മൊഴിനല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റ് സാധനങ്ങള്‍ എന്ന വ്യാജേന നികുതി ഇളവുള്‍പ്പെടെ നേടിയാണ് മതഗ്രന്ഥങ്ങളും 17,000 കിലോ ഈന്തപ്പഴവും ഉള്‍പ്പെടുന്ന കാര്‍ഗോകള്‍ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പറയുന്നു.
കാര്‍ഗോയിലെ 250 പാക്കറ്റുകളില്‍ 32എണ്ണമാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതു ഗുരുതര വീഴ്ചയാണ്. വാഹനത്തിന്റെ ജിപിഎസ് ഓഫായതുംപിന്നാലെ മറ്റൊരു വാഹനം കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കു പോയതും ദുരൂഹമാണ്. ഇതാണു മന്ത്രിക്കു വിനയാകുന്നത്.