ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷം ലഘൂകരിക്കുന്നതിനുള്ള എട്ടാം കോർ കമാൻഡർ ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായതായി സൈന്യം. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ ഒരേസമയം പിൻവലിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഏതാനും ദിവസങ്ങൾക്കകം തീരുമാനിക്കും. ഇതിനൊപ്പം ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ.
പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യ-ചൈന അതിർത്തിയായ യഥാർഥനിയന്ത്രണ രേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തുറന്നതും ആഴത്തിലുള്ളതും ക്രിയാത്മകവുമായ ചർച്ച ഇരുഭാഗവും നടത്തിയതായി സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും നേതാക്കൾ എത്തിയിട്ടുള്ള ധാരണ നടപ്പാക്കാൻ ആത്മാർഥമായി ശ്രമിക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.
സൈനികവും നയതന്ത്രപരവുമായ ചർച്ച തുടരാനും അതിർത്തിയിൽ താഴെത്തട്ടിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ നടപടി സ്വീകരിക്കാനും മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനടക്കമുള്ള ചർച്ചകൾ തുടരാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഒമ്പതാം വട്ട കോർ കമാൻഡർ ചർച്ചയും വൈകാതെ നടക്കും.
ചുഷൂലിലായിരുന്നു എട്ടാം വട്ട ചർച്ച. മലയാളിയായ ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോൻ ഒക്ടോബർ 13-ന് 14-ാം കോർ കമാൻഡറായി ചുമതലയേറ്റ ശേഷം നയിക്കുന്ന ആദ്യ ചർച്ചയായിരുന്നു ഇത്. ചർച്ചയിലുടനീളം കിഴക്കൻ ലഡാക്കിൽ നിന്നുള്ള സമ്പൂർണ സൈനിക പിന്മാറ്റത്തിൽ ഇന്ത്യ ഉറച്ചു നിന്നതോടെയാണ് ചൈന വഴങ്ങിയത്. ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിൻവലിക്കുന്നതിനാണ് നീക്കം. എങ്കിലും താഴെത്തട്ടിൽ ഇതു കൃത്യമായി നടപ്പാവുന്നതു വരെ ശ്രദ്ധയോടെ നീങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. നേരത്തേ സൈനിക പിന്മാറ്റത്തിന് തീരുമാനമായിട്ടും ചൈന ധാരണ പാലിക്കാതെ അതിർത്തിയിൽ നുഴഞ്ഞുകയറിയതിന്റെ പശ്ചാത്തലത്തിലാണിത്.