വാഷിംഗ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ തിരിമറികൾക്കെതിരേ ഇന്നു മുതൽ നിയമപോരാട്ടം ആരംഭിക്കാനൊരുങ്ങി റിപ്പബ്ലിക്കുകൾ. ‘അമേരിക്കൻ ജനതയ്ക്ക് അർഹമായ സത്യസന്ധമായ വോട്ടെണ്ണൽ നടത്താതെ വിശ്രമിക്കുകയില്ല. അതാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്.’ – ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ വിർജീനിയയിലെ ഗോൾഫ് കോഴ്സിലായിരുന്ന ട്രംപ്. തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടത്തിയെന്നതിനാൽ ഫലം ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിയമപോരാട്ടത്തിന് അഭിഭാഷകരോട് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസ് വൃത്തങ്ങളും ഇതു സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്.
ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ്റെ വിജയം അംഗീകരിക്കാൻ ട്രംപ് തയാറായിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടില്ലെന്നും ബൈഡന്റേത് വ്യാജ വിജയമാണെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്ച, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ ട്രംപിനെയോ റിപ്പബ്ലിക്കൻ പാർട്ടിയെയോ ജോ ബൈഡൻ പേരെടുത്ത് പരാമർശിച്ചിരുന്നില്ല.
അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാൻ ഡോണൾഡ് ട്രംപിനോട് ‘ഉപദേശിച്ച്’ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്നർ അഭ്യർഥിച്ചതായി ചിലയുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഷ്നർ ഇക്കാര്യം പറഞ്ഞ് ട്രംപിനെ സന്ദർശിച്ചതായാണ് റിപ്പോർട്ട് . ട്രംപിന്റെ മൂത്തമകളും ഉപദേഷ്ടാവുമായ ഇവാൻകയുടെ ഭർത്താവാണ് ജാറദ് കഷ്നർ.