ഇൻഡോർ: കംപ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നംദിയോ ത്യാഗി അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലെ ആശ്രമത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ഇയാളെ കരുതൽ തടങ്കലിലാക്കിയത്. ത്യാഗിയെയും ആറ് കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത്. ആശ്രമത്തോട് ചേർന്ന് നിർമ്മിച്ച കെട്ടിടം പൊളിക്കുന്നതിന് തടസ്സം നിന്നതോടെയാണ് അറസ്റ്റ് ചെയ്തത്.
ഇൻഡോർ ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഞായറാഴ്ച കെട്ടിടം പൊളിച്ചുനീക്കി. സർക്കാർ 2000 രൂപ പിഴ ചുമത്തുകയും അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇവർ ഇതിന് തയ്യാറായില്ല. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ ആയിരുന്നു കെട്ടിടം പൊളിച്ചുനീക്കിയത്.
ആശ്രമത്തോട് ചേർന്നുള്ള രണ്ട് ഏക്കർ സർക്കാർ ഭൂമിയിലാണ് അനധികൃത കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 40 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് ത്യാഗിയുടെ ആശ്രമം. ഇതിന് 80 കോടിയോളം രൂപ വിലമതിക്കും.