ഭോപ്പാൽ: മദ്ധ്യപ്രദേശിലെ നിവാഡിയിൽ 200 അടി താഴ്ചയുളള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരൻ പ്രഹ്ളാദ് മരിച്ചു. ബുധനാഴ്ചയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ഹർകിഷൻ– കപൂരി ദമ്പതികളുടെ മകനാണ്. സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാന്തര കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമമെങ്കിലും പ്രഹ്ളാദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വയലിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. സി സി ടി വി ക്യാമറ ഉപയോഗിച്ച് കുട്ടി നിൽക്കുന്നയിടം വ്യക്തമാക്കി ആയിരുന്നു രക്ഷാപ്രവർത്തനം പുരോഗമിച്ചിരുന്നത്. ആദ്യം കുട്ടി രക്ഷാപ്രവർത്തകരോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതികരിക്കാതെ ആയി.
രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്താൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അഭ്യർത്ഥന പ്രകാരമാണ് സൈന്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുമെന്നും മുഖ്യമന്ത്രി അടക്കമുളളവർ ട്വീറ്റ് ചെയ്തിരുന്നു.