പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ സഭയെയും, സഭയുടെ മെത്രാപ്പോലീത്താ ബിഷപ് കെപിയോഹന്നാനെയും വിശ്വാസി സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനമാണ് സഭയുടെ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ചില തത്പര കക്ഷികൾ നടത്തുന്നതെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.
ഇത്തരക്കാരുടെ സ്വാർത്ഥ താൽപര്യങ്ങളുടെ തെളിവാണ് സഭയുടെ സ്ഥാപനമായ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഭൂഗർഭ ഗോഡൗണിൽ ഒളിപ്പിച്ചിരുന്ന വാഹനത്തിൽ നിന്നും കോടിക്കണക്കിന് രൂപ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്ന് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം പ്രസിഡൻ്റ് അഡ്വ. സ്റ്റീഫൻ ഐസക്ക്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സമൂഹ നന്മ ലക്ഷ്യം വെച്ച് സഭയുടെ പരമാദ്ധ്യഷ്യൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത – ബിഷപ് കെ.പി.യോഹന്നാൻ – തുടങ്ങിവച്ച പ്രസ്ഥാനം ചില തത്പര കക്ഷികൾ സ്വാർത്ഥ താത്പര്യങ്ങൾ സംരംക്ഷിക്കുന്നതിനും തങ്ങളുടെ സ്വയം പ്രശസ്തിക്കും വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ്.
സഭയുടെ ആസ്ഥാനത്ത് നിരോധിക്കപെട്ട പണം സൂക്ഷിച്ചത് നിയമ ലംഘനമാണ്.ഏറ്റവും സുതാര്യമായി തന്നെ സാമ്പത്തികം കൈകാര്യം ചെയ്യണം എന്നാണ് സഭയുടെ പ്രഖ്യാപിത നയത്തെയാണ് ഈ കൂട്ടർ കുരുതി കഴിച്ചിരിക്കുകയാണ്.
മെഡിക്കൽ കോളേജിൽ പണം ഒളിപ്പിച്ചു വെച്ച കാറിന്റെ താക്കോൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപള്ളിയിൽ വീട്ടിൽ നടന്ന റെയ്ഡിൽ നിന്നാണെന്ന് ഇവർ ആരോപിച്ചു.
കള്ളപ്പണം സൂക്ഷിക്കുവാനുള്ള രഹസ്യസങ്കേതം ആയി സഭയുടെ സ്ഥാപനമായ മെഡിക്കൽ കോളേജിനെ മാനേജർ ഉപയോഗിച്ചിരിക്കുന്നു.സഭയുമായി യാതൊരു ബന്ധവുമില്ലാത്ത പണമാണ് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വാഹനങ്ങളിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഒരു വൈദികൻ താൻ അന്യായമായി സമ്പാദിച്ച കള്ളപ്പണം സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സൂക്ഷിച്ചതിന് സഭയെ കുറ്റപ്പെടുത്തേണ്ട സാഹചര്യമില്ല.
മെഡിക്കൽ കോളേജിലെ ഒരു ജീവനക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന വാഹനമാണ് കള്ളപ്പണം സൂക്ഷിക്കുവാനായി ഫാ. സിജോ പന്തപള്ളിൽ ഉപയോഗിച്ചത്. കേരളത്തിൽ ഉടനീളം ഫാ. സിജോ പന്തപള്ളിയിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ അനധികൃതമായി സ്വത്തുക്കൾ സംമ്പാദിച്ചിട്ടുണ്ടെന്ന് സേവ് ഫോറം ഭാരവാഹികൾ പറഞ്ഞു. ഈ സ്വത്തുക്കളിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിൽ ആണ് ഉള്ളത്. കണ്ണൂർ ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ നടത്തപെടുന്ന വൻ അഴിമതിയും പണ സമ്പാദനവും അന്വേഷിക്കണമെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപെട്ടു.
മെഡിക്കൽ കോളേജിന്റെ ഉന്നത തസ്തികകളിൽ ബന്ധുക്കളെ നിയമിച്ചുകൊണ്ട് സമാന്തരമായ അഴിമതിയാണ് മാനേജർ നടത്തുന്നത്.വളരെ ലാഭത്തിൽ എത്തേണ്ട മെഡിക്കൽ കോളേജ് ഇപ്പോൾ 50 കോടിയിൽപരം രൂപയ്ക്ക് കടപ്പെട്ടിരിക്കുകയാണ്. തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ നിന്നും ഭീമമായ ലോണെടുത്താണ് മെഡിക്കൽ കോളേജ് നടത്തിപ്പ് നടത്തുന്നത്. സഭയുടെ മുഴുവൻ സ്വത്തുക്കളും കൊള്ളയടിക്കുന്ന സമീപനമാണ് മാനേജർ നടത്തുന്നതെന്ന് സേവ് ഫോറം കുറ്റപ്പെടുത്തി.
വരുംദിവസങ്ങളിൽ സഭാ നേതൃത്വത്തിലിരിക്കുന്ന ചിലരുടെ അന്യായ സ്വത്തുസമ്പാദനത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ പുറത്തുവിടും. ബിഷപ് കെ പി യോഹന്നാൻ മെത്രാപ്പൊലീത്ത നിരപരാധിയാണ്. സഭയിലെ ഒരുപറ്റം ഉന്നതർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സഭയ്ക്കുള്ളിൽ അഴിമതി നടത്തുകയാണ്.കഴിഞ്ഞ എട്ടു മാസക്കാലമായി അദ്ദേഹം സഭ ആസ്ഥാനത്ത് എത്തിയിട്ട് പോലുമില്ല. മെത്രാപോലീത്തായെ അപായപ്പെടുത്തുമെന്ന് വിശ്വാസി സമൂഹത്തിന് ആശങ്കയുണ്ട്. സഭയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപെടേണ്ട തുക കൊള്ളയടിക്കുന്നു മൂലം സാമ്പത്തിക ബാധ്യത മൂലം അനേകർക്ക് അത്താണിയായിരുന്ന പല പദ്ധതികളും അവസാന്നിപ്പിക്കേണ്ടി വന്നതെന്നും ഫോറം ആരോപിച്ചു.
ഒക്ടോബർ മാസം മുതൽ വൈദീകർക്ക് ശമ്പളം നല്കാൻ കഴിയുകയില്ലെന്നും കടുത്ത സാമ്പത്തീക പ്രതിസന്ധിയുമാണെന്ന് ഇടവക കമ്മിറ്റികളെ നേതൃത്വം ഒക്ടോബർ ആദ്യവാരം അറിയിച്ചു. എന്നാൽ സഭയുടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് മാറ്റി വെച്ചിട്ടാണ് ഇപ്രകാരമുള്ള തീരുമാനം നേതൃത്വത്തെ കൊണ്ട് എടുപ്പിക്കുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം കുറ്റപ്പെടുത്തി.