കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഖമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.
അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് എംഎൽഎയേയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തിയത്.
നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എംഎൽഎയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് പ്രശ്നം എംഎൽഎ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.