ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തേത്തുടർന്ന് ഒളിവിൽ പോയ 14 പേരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഉത്തർപ്രദേശ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. നേരത്തെ സംസ്ഥാന സർക്കാർ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ഇതിൽ എട്ട് പ്രതിഷേധക്കാരെ ഗുണ്ട നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അവരുടെ വീടുകൾക്ക് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ലഖ്നൗവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയിൽ തീവെയ്പ്പ്, പൊതുമുതൽ നശിപ്പിക്കൽ എന്നിവയടക്കം നടത്തിയെന്നാണ് ഇവർക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രതികളിൽ ഷിയ പുരോഹിതനായ മൗലാന സെയ്ഫ് അബ്ബാസും ഉൾപ്പെടുന്നു. പഴയ നഗര പ്രദേശം ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗത്തും പ്രതികളുടെ ചിത്രങ്ങൾ ഭരണകൂടം പതിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ലഖ്നൗവിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പ്രതിഷേധത്തിൽ പങ്കെടുത്തതിനും പൊതുമുതൽ നശിപ്പിച്ചതിനും സാമൂഹിക പ്രവർത്തകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 40 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.