തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമാക്കിയത് പൊലീസിൻ്റെ നിർദേശം അനുസരിച്ചെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തിയത് പൊലീസിൻ്റെ നിർദേശം അനുസരിച്ചെന്ന് സൂചന. കൊറോണ ഭീഷണി മൂലം രണ്ട് ഘട്ടമായി നിശ്ചയിച്ച തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമാക്കുന്നതോടെ പൊലീസ് വിന്യാസം ആവശ്യത്തിനുണ്ടാവും എന്നാണ് ഇലക്ഷൻ കമ്മീഷൻ്റെ കണക്കുകൂട്ടൽ.

ഡിസംബർ എട്ടിന് തെക്കൻ മേഖലയിലെ അഞ്ച് ജില്ലകളിലും ഡിസംബറിൽ പത്തിന് മധ്യകേരളത്തിലെ അഞ്ച് ജില്ലകളിലും അവസാനഘട്ടമായ ഡിസംബർ 14-ന് മലബാറിലെ നാല് ജില്ലകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊറോണ വ്യാപന ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ കടുത്ത നിയന്ത്രങ്ങളായിരിക്കും ഇക്കുറി പോളിംഗ് ബൂത്തിലുണ്ടാവുക. ഈ സാഹചര്യത്തിൽ പൊലീസിൻ്റെ സേവനം വ്യാപകമായി വേണ്ടി വരും.

നിലവിൽ കൊറോണ ഡ്യൂട്ടിയുടെ അധിക ചുമതലയുള്ള പൊലീസുകാർക്ക് ഇതിനൊപ്പം തെരഞ്ഞെടുപ്പ് ചുമതലകളും പോളിംഗ് ഡ്യൂട്ടിയും കൂടി വന്നാൽ ബുദ്ധിമുട്ടാവും എന്ന് പൊലീസ് മേധാവി തന്നെ സ്ഥാന ഇലക്ഷൻ കമ്മീഷണറെ അറിയിച്ചുവെന്നാണ് സൂചന. ഇതോടെയാണ് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ചത്.