തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊറോണ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായവും കമ്മീഷൻ ശേഖരിച്ചതായി വി ഭാസ്കരൻ പറഞ്ഞു.
ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടമായി ഡിസംബർ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ പതിനാല് തിങ്കളാഴ്ചയാണ്. അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക.
നവംബർ 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് മട്ടന്നൂർ ഒഴികെയുള്ള 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും വിധിയെഴുതും.
ഡിസംബർ പകുതിയോടെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ക്രിസ്മസിന് മുൻപായി പുതിയ ഭരണസമിതികൾ നിലവിൽ വരും. നവംബർ 19-വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20-ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. സ്ഥാനാർത്ഥികളുടെ ചിത്രം അന്ന് തെളിയും.
പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചു. 2.72 കോടി വോട്ടർമാരാണുള്ളത്. 1.29 കോടി പുരുഷൻമാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്. ഈ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം അവസരം നൽകി. അവരെ കൂടി ചേർത്ത് നവംബർ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും. കൊറോണ പൊസീറ്റിവാകുന്നവർക്കും, ക്വാറൻ്റൈനായവർക്കും പോസ്റ്റൽ വോട്ടു ചെയ്യാൻ അവസരമുണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ ബ്രേക്ക് ദ ചെയിൻ പോളിസി നടപ്പാക്കും.