കൊച്ചി : ബിലീവേഴ്സ് ചർച്ചിൻ്റെ പേരിൽ ചിലർ വൻ സാമ്പത്തിക കുംഭകോണമാണ് നടത്തിയതെന്ന് ആദായ നികുതിവകുപ്പിന്റെ കണ്ടെത്തൽ. ഡെൽഹിയിലും കേരളത്തിലുമായി കണക്കിൽപ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ മുതൽ ബിലീവേഴ്സ് ചർച്ചിന്റെ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലുമൊക്കെ നടത്തുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ഡെൽഹിയിലെ ഓഫീസിൽ നിന്ന് മൂന്നേമുക്കാൽ കോടി രൂപയും കേരളത്തിലെ ഓഫീസുകളിൽ നിന്ന് ഒന്നേകാൽ കോടി രൂപയുമാണ് കണക്കിൽപ്പെടാത്തതായി പിടിച്ചെടുത്തത്. 57 ലക്ഷം രൂപയോളം വാഹനത്തിൽ നിന്നും ബാക്കിയുള്ളത് വിവിധ ഓഫീസുകളിൽ നിന്നുമാണ് കണ്ടെത്തിയത്.
സംസ്ഥാന വ്യാപകമായി ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിർണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. സഭയുടെ കീഴിൽ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളിൽ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നുമാണ് പരിശോധന. സഭാ ആസ്ഥാനത്തടക്കം ഇന്നലെ ആരംഭിച്ച റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 6000 കോടി രൂപ ബിലീവേഴ്സ് ചർച്ചിന്റെ ട്രസ്റ്റുകൾക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. കൈപറ്റിയ തുക റിയൽ എസ്റ്റിമേറ്റ് മേഖലയിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. കണക്കുകൾ നൽകിയതിലും വലിയ പൊരുത്തക്കേടുണ്ട്.
അതേസമയം ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും റെയ്ഡിലൂടെ പിടിച്ചെടുത്ത 57 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്തണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപ്പെട്ടു.
സഭയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്ക് കളങ്കമേത്പിക്കുന്ന നിലയിലുള്ള ചില പ്രവർത്തനങ്ങളാണ് നടന്നിരിക്കുന്നത്. വിശ്വാസി സമൂഹത്തിൻ്റെ ആശങ്ക അകറ്റുവാൻ നേതൃത്വം തയ്യാറാകണമെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ സഭ നേതൃത്വം നടപടിയെടുക്കണമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപെട്ടു.