ന്യൂഡെൽഹി: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ചില പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ സിബിഐ തന്നെ അതു പരിഗണിക്കുന്നത് നീട്ടിവയ്ക്കാൻ മൂന്നാംവട്ടവും സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ജസ്റ്റിസ് യുയു. ലളിത് അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണിത്.അധിക രേഖകൾ ഫയൽ ചെയ്യാൻ സമയം ആവശ്യമാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കണമെന്നും അഭ്യർത്ഥിച്ച് സിബിഐ. അഭിഭാഷകൻ അരവിന്ദ് കുമാർ സുപ്രീംകോടതി രജിസ്ട്രിക്ക് കത്ത് നൽകി.
അടിയന്തര പ്രാധാന്യമുള്ള കേസാണെന്നും ഉടൻ പരിഗണിക്കണമെന്നും സിബിഐ. സെപ്തംബറിൽ ആവശ്യപ്പെട്ടിരുന്നു.
കീഴ്ക്കോടതികൾ തള്ളിക്കളഞ്ഞ കേസിൽ ഇടപെടണമെങ്കിൽ ശക്തമായ തെളിവ് വേണമെന്ന് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ.