അർണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി; വനിതാ പൊലീസിനെ ആക്രമിച്ചെന്ന് അർണബിനെതിരെ എഫ്‌ഐആർ

മുംബൈ: അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി മുംബൈ പൊലീസ്. വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അർണബിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. അറസ്റ്റ് നടപടികൾക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്നാണ് ആരോപണം.

ബുധനാഴ്ച രാവിലെയാണു പൊലീസ് വീട്ടിലെത്തി അർണബിനെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെയും 20 വയസ്സുള്ള മകന്റെയും സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. മുൻപ് റിപ്പബ്ലിക് ടിവിയിൽ ജോലി ചെയ്തിരുന്ന ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്യാൻ പൊലീസുകാർ വീട്ടിൽ വന്നപ്പോൾ കയ്യേറ്റം ചെയ്തെന്നാരോപിച്ച് അർണബിന്റെ ഭാര്യ, മകൻ, മറ്റു രണ്ടു പേർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണു വിവരം. അലിബാഗ് കോടതിയിൽ പൊലീസ് ഹാജരാക്കിയപ്പോൾ, കോടതി നടപടികൾ മൊബൈൽ ഫോണിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യാൻ ശ്രമിച്ചതിന് അർണബിനെ ശാസിച്ചതായി റിപ്പോർട്ടുണ്ട്.