വയനാട്: തണ്ടർ ബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി. വയനാട് ജില്ലാകളക്ടറാണ് അനുമതി നൽകിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയാലാണ് വേൽമുരുകന്റെ മൃതദേഹമുള്ളത്. ഇവിടെ എത്തിയാകും ബന്ധുക്കൾ മൃതദേഹം കാണുക.
പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ മൃതദേഹം ഇന്നലെ രാത്രിയാണ് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്.
വേല്‍ മുരുകന്റെ മൃതദേഹം കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
ഇന്നലെ രാവിലെ 9.15 നാണ് ബാണാസുര മലയിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം തണ്ടർ ബോൾട്ടും ആയുധധാരികളായ ആറു മാവോയിസ്റ്റ് സംഘവും നേർക്കു നേർ വന്നത്. ഏറ്റുമുട്ടൽ നടന്നു ഒമ്പതു മണിക്കൂറായിട്ടും മാധ്യമപ്രവർത്തകരെ പ്രദേശത്തേക്ക് കടത്തി വിട്ടിട്ടില്ലായിരുന്നു. മാവോയിസ്റ്റുകൾ ഉപയോഗിച്ച തോക്കിന്റെ ചിത്രം പൊലീസ് പുറത്തു വിട്ടു.
കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരത്തെയും ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. ചിതറിപ്പോയവർക്കായി തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്. തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ചൈത്ര തെരേസ ജോൺ ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തുണ്ട്.