റിയാദ്: കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് എന്നീ കുറ്റങ്ങള്‍ ചുമത്തിയവര്‍ക്കെതിരെ റിയാദ് ക്രിമിനല്‍ കോടതി 28 വര്‍ഷം തടവും രണ്ട് കോടി റിയാല്‍ പിഴയും വിധിച്ചു. പിടിച്ചെടുത്ത തുകയായ 20 ലക്ഷം റിയാല്‍, രണ്ട് കമ്പ്യൂട്ടറുകള്‍, നോട്ടെന്നൽ യന്ത്രം, ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 7,14,000 റിയാലില്‍ അധികം വരുന്ന സംഖ്യ എന്നിവ കണ്ടുകെട്ടുമെന്നും വിധിയില്‍ പറയുന്നു.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട സ്ഥാപനത്തിന്റെ വാണിജ്യ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കും. സക്കാത്ത്, നികുതി, മറ്റ് ബാധ്യതകള്‍ എന്നിവ പ്രതികളില്‍ നിന്ന് ഈടാക്കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. റിയാദ് നഗരത്തിലാണ് കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാട് കുറ്റങ്ങളും നടന്നത്. പബ്ലിക് പ്രോസിക്യുഷന്‍ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിട്ടുണ്ട്. നാല് പേരുള്‍പ്പെട്ട സംഘമാണ് കേസിലുള്ളത്. ഒരാള്‍ സൗദി പൗരനും മറ്റ് മൂന്ന് പേര്‍ വിദേശികളുമാണ്.
വിദേശികളെ ശിക്ഷാനടപടികള്‍ അവസാനിച്ച ശേഷം നാടുകടത്തുകയും വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും. സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന ചെയ്തികളുണ്ടാകുന്നുണ്ടോ എന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നിരന്തരം നിരീക്ഷിക്കാനും കുറ്റവാളികള്‍ക്കെതിരെ ഏറ്റവും കഠിനമായ ശിക്ഷ നല്‍കാനും കോടതി ആവശ്യപ്പെട്ടു.