ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിക്കാൻ മൂന്നാംമക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽ ഹാസൻ. ദ്രാവിഡ കക്ഷികളുമായി മുന്നണിബന്ധമുണ്ടാക്കില്ലെന്നും തനിച്ച് മത്സരിക്കുമെന്നും കമൽ ഹാസൻ വ്യക്തമാക്കി.
പാർട്ടി ജില്ല സെക്രട്ടറിമാരുടെയും നിയമസഭ നിയോജക മണ്ഡലം ഭാരവാഹികളുടെയും യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുമായാണ് സഖ്യം. ഡിഎം കെ-അണ്ണാ ഡി.എംകെ കക്ഷികൾക്ക് ബദലായി മൂന്നാമത്തെ ശക്തിയായി വളരാൻ പാർട്ടിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 2013ലെ ഡെൽഹി നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ മാറ്റം തമിഴകത്തിലും സംഭവിക്കുമെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു.
എന്നാൽ, കമൽ ഹാസൻ്റെ നിലപാട് മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും യുപിഎ പക്ഷത്ത് അണിനിരക്കണമെന്നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെഎസ് അളഗിരി അഭ്യർഥിച്ചു.