വയനാട് ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

കൽപ്പറ്റ: പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയിൽ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടലിൽ വെടിവെയ്പിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. മധുര തേനി സ്വദേശി വേൽമുരുഗൻ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്‍നാട് ക്യൂബ്രാഞ്ചാണ് മരിച്ചത് മാവോയിസ്റ്റ് വേൽമുരുഗനാണെന്ന് സ്ഥിരീകരിച്ചത്.

മീൻ മുട്ടി വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വാളാരം കുന്നിലായിരുന്നു സംഭവം. മാനന്തവാടി എസ്ഐ ബിജു ആൻറണിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആദ്യം മാവോയിസ്റ്റു സംഘം വെടിവച്ചെന്നാണ് എഫ്ഐആർ. രാവിലെ 9 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുവെന്നും പൊലീസ് പറയുന്നു. പരസ്‍പരം വെടിവെച്ചതിന് ശേഷം പിന്നീട് സ്ഥിതി ശാന്തമായപ്പോൾ നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് നിലത്തു മരിച്ച് കിടക്കുന്ന നിലയിലൊരാളെ കണ്ടതെന്നാണ് എഫ്ഐആറിലെ വിശദീകരണം.

യൂണിഫോം ധരിച്ച മാവോയിസ്റ്റ് സംഘത്തിൽ അഞ്ചിലധികം പേരുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഒരു റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. വെടിവെപ്പിൽ പരിക്കേറ്റയാളെ കണ്ടെത്താനായില്ല. സബ് കളക്ടറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഏതാനും മാസങ്ങളായി വെള്ളമുണ്ട പടിഞ്ഞാറത്തറ വനമേഖലകളിൽ മാവോയിസ്റ്റ് സാനിധ്യമുണ്ടെന്നാണ് പോലീസ് അവകാശപ്പെടുന്നത്.