ലൈഫ് മിഷൻ; യൂണിടാക് വിതരണം ചെയ്ത ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് വിതരണം ചെയ്ത ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഇതിനായി ഐ ഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസയച്ചേക്കും. കാട്ടാക്കട സ്വദേശിയും പരസ്യ കമ്പനി ഉടമയുമായ പ്രവീണിൽ നിന്ന് ഇന്നലെ ഒരു ഫോൺ പിടിച്ചെടുത്തിരുന്നു.

ഇനി കണ്ടെത്താനുള്ളത് ആറ് ഫോണുകളാണ്. ഈ ആറ് ഫോണുകളും ഉടൻ പിടിച്ചെടുക്കാനാണ് തീരുമാനം. കൈക്കൂലിയായിട്ടാണ് ഇത്തരത്തിൽ ഫോണുകൾ വിതരണം ചെയ്തതെന്നു തന്നെയാണ് വിജിലൻസിന്റെ അനുമാനം. ഇടപാടു നടന്നതിൻ്റെ പാരിതോഷികം എന്ന നിലയിലാണ് വേണ്ടപ്പെട്ടവർക്ക് ഫോണുകൾ സമ്മാനിച്ചത്.

ലൈഫ് മിഷന്റെ ചുമതലയുണ്ടായുരുന്ന ശിവശങ്കറടക്കം ഐ ഫോൺ ലഭിച്ചവരുടെ പട്ടികയിലുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാറിനായി യൂണിടാകാണ് ഐ ഫോണുകൾ യുഎഇ കോൺസുലേറ്റ് വഴിയും മറ്റും വിതരണം ചെയ്തതെന്നാണ് വിലയിരുത്തൽ