നെയ്യാർ സഫാരി പാർക്കിലെ കൂടിൻ്റെ പഴക്കം കടുവ ചാടിപ്പോകാൻ കാരണമായെന്ന് വനംമന്ത്രി

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് കടുവ ചാടിപ്പോയ സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി കെ രാജു. കടുവയെ പാർപ്പിച്ച കൂട് പഴക്കമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. കടുവ സഫാരി പാർക്കിന്റെ അതിർത്തി കടന്ന് പോയിട്ടില്ല. കൂടിന് പഴക്കം ഏറെയുണ്ട്. ഇവിടെ ചികിത്സ നൽകാവുന്ന വിധം ആധുനിക സംവിധാനങ്ങൾ വേണം. കൂടിന്റെ വെൽഡിങ് പൊട്ടി ആണ് കടുവ പുറത്തു കടന്നത്. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഉപയോഗിക്കാൻ കഴിയുന്നത് ഒരു കൂട് മാത്രമാണ്. കൂടുതൽ ട്രീറ്റ്മെന്റ് കേജുകൾ ഉണ്ടാക്കണം. ബലമുള്ള പുതിയ സംവിധാനം കൊണ്ടുവരും. ക്യാമറ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കണം വയനാട്ടിൽ ടൈഗർ റസ്‌ക്യു സെന്റർ നിർമിക്കും. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ കടുവയ്ക്ക് ‘വൈഗ’ എന്നു പേരിട്ടതായും മന്ത്രി അറിയിച്ചു.

വയനാട് നിന്നും സഫാരി പാർക്കിൽ എത്തിച്ച 10 വയസ്സുള്ള കടുവ കഴിഞ്ഞ ദിവസം ഉച്ചയോടാണ് കൂട്ടിൽ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളിൽ കയറിയായിരുന്നു കടുവ രക്ഷപ്പെട്ടത്. വനപാലകർ നടത്തിയ തെരച്ചിലിനൊടുവിൽ വൈകീട്ടോടെ പാർക്കിന്റെ പിൻവശത്തായി കടുവയെ കണ്ടെത്തി.