ന്യൂഡെൽഹി: കൊറോണ കേസുകൾ ഉയരുന്ന ഡെൽഹിയിൽ സ്ഥിതി നിയന്ത്രിക്കാൻ വീണ്ടും കേന്ദ്ര ഇടപെടൽ. തീവ്രരോഗ വ്യാപനമേഖലകളിൽ ആർടിപിസിആർ പരിശോധനകൾ കൂട്ടാൻ ആരോഗ്യ ആഭ്യന്തരമന്ത്രാലയങ്ങളുടെ സംയുക്ത യോഗം നിർദ്ദേശിച്ചു. ജൂണിൽ അയ്യായിരത്തിനടുത്ത് വരെയെത്തിയ കൊറോണ രോഗികളുടെ എണ്ണം പിന്നീട് കുത്തനെ കുറഞ്ഞ് 500 വരെ എത്തിയിരുന്നു.
പ്രതിദിന രോഗബാധ ഈ മാസം അവസാനത്തോടെ പന്ത്രണ്ടായിരം കടന്നേക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ച്ചയായി അയ്യായിരത്തിന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. ശൈത്യവും ,അന്തരീക്ഷ മലിനീകരണവും ഉത്സവ കാലവും വീണ്ടും രോഗികളുടെ എണ്ണം കൂട്ടാനുള്ള സാധ്യതയാണ് യോഗത്തിൽ ചർച്ചയായത്
ഉത്സവ കാലത്തിന് പിന്നാലെ കൊറോണ വ്യാപനം രൂക്ഷമാകാനുള്ള സാധ്യത കൂടി കണ്ടാണ് കേന്ദ്രത്തിൻറെ അടിയന്തര ഇടപെടൽ. ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ നിലവിൽ തൃപ്തികരമാണ്. എന്നാൽ വേഗത്തിൽ രോഗികളുടെ എണ്ണം കൂടിയാൽ കിടക്കൾ തികയാതെ വരും. അതിനാൽ കിടക്കൾ കൂട്ടണം.
തീവ്രപരിചരണ വിഭാഗത്തിലും സൗകര്യങ്ങൾ വർധിപ്പിക്കും. രോഗികൾ കൂടുതലുള്ള മേഖലകളിൽ പരിശോധനകൾ കൂട്ടണം, വീടുകളിൽ നീരിക്ഷണം ശക്തമാക്കാനും തീരുമാനം എടുത്തു. തീവ്രവ്യാപന മേഖലകൾ കൂടാതെ ആളുകൾ അധികമെത്തുന്ന ചന്തകൾ, സലൂണുകൾ, റസ്റ്റോറൻറുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആർടിപിസിആർ പരിശോധന നടത്താനും നിർദ്ദേശമുണ്ട്.