ഹൈദരാബാദ്: തെലുങ്കാനയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ പക്കല്‍ നിന്നും ഒരു കോടി രൂപ പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി എം. രഘുനന്ദന് റാവുവിന്റെ ഭാര്യസഹോദരന് സുരഭി ശ്രീനിവാസ് റാവുവിന്റെ പക്കല്‍ നിന്നുമാണ് പണം കണ്ടെത്തിയത്.
ദുബ്ബാക്ക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പണം എത്തിച്ചതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേഗുംപേട്ട് ഫ്ളൈ ഓവറിന് സമീപത്ത് വച്ചാണ് പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ ടി. രവി കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും പിടികൂടി.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി എം. രഘുനന്ദന് റാവുവിന്റെ മറ്റൊരു ബന്ധുവിൻ്റെ വീട്ടിൽ നിന്നും രഹസ്യവിവരത്തെ തുടർന്ന് പോലീസ് 18 ലക്ഷം രൂപ പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിതരണം ചെയ്യാൻ കൊണ്ടുപോയ പണം പിടിച്ചത്.