തിരുവനന്തപുരം: സർക്കാരിനെ പ്രതിരോധത്തിലാക്കി വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ വിജിലൻസിന്റെ നിർണായക നീക്കം. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എംശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. ശിവശങ്കർ നിലവിൽ സ്വർണക്കടത്ത് കേസിൽ പ്രതിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണുള്ളത്.സ്വപ്ന സുരേഷ് അടക്കമുള്ളവർ പദ്ധതിയിലൂടെ 4.5 കോടിയോളം രൂപ കമ്മീഷനായി തട്ടിയെന്നായിരുന്നു പരാതി.
ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരേയും പ്രതിചേർത്തിട്ടുണ്ട്. ഇവരെ പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
സ്വപ്ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ഇവരെ പ്രതിചേർത്തിരിക്കുന്നത്. നിലവിൽ അട്ടകുളങ്ങര വനിത ജയിലിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നതും കോഴയായി കണക്കാമെന്നാണ് ശിവശങ്കറുമായി ബന്ധപ്പെട്ട് വിജിലൻസ് നിലപാട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം വിജിലൻസും ശിവശങ്കറിനെ പ്രതിചേർത്തത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.
യുണി ടാക് / സെയ്ൻ വെഞ്ചേഴ്സ് എന്നീ കമ്പനികളെയും തിരിച്ചറിയാനുള്ള ഉദ്യോഗസ്ഥരെയും വ്യക്തികളെയും കുറിച്ചായിരുന്നു നേരത്തെ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ നാല് പേരുടേയും വിവരങ്ങൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സന്തോഷ് ഈപ്പൻ്റെ കമ്പനികളെ പ്രതിചേർത്തിട്ടുണ്ടെങ്കിലും സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൈക്കൂലിയായി സന്തോഷ് ഈപ്പൻ സ്വപ്നക്ക് നൽകിയ മൊബൈൽ ഫോൺ ശിവശങ്കറിന് കൈമാറിയെന്നും ഖാലിദിന് കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിന് കണ്ടുവെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നുവെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേട് കേസില്‍ വ്യക്തികളെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല. യൂണിടാക്, ലൈഫ്മിഷന്‍, പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയായിരുന്നു എഫ്ഐആറിലുണ്ടായിരുന്നത്.ലൈഫ് മിഷൻ ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
സിബിഐ അന്വേഷണത്തിന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐയും അന്വേഷിക്കുകയാണ്. പദ്ധതി നടപ്പാക്കാന്‍ റെഡ് ക്രസന്‍റുമായി മാത്രമാണ് സർക്കാർ കരാർ ഉണ്ടാക്കിയതെന്നിരിക്കെ യുണിടാക്കിന് ഉപകരാർ നല്‍കിയത് എങ്ങനെ എന്നാണ് സിബിഐ പ്രധാനമായി അന്വേഷിക്കുന്നത്. അന്വേഷണത്തിന് കോടതി താൽക്കാലികമായി സ്റ്റേ പ്രഖ്യാപിച്ചിരുന്നു.