തിരുവനന്തപുരം: സ്വപ്നയെയും സന്ദീപിനെയും വിജിലൻസ് ഇന്ന് ചോദ്യംചെയ്തേക്കും. ലൈഫ് പദ്ധതി ലഭിക്കാന്‍ യൂനിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന വഴി വിതരണം ചെയ്ത കമ്മീഷനെ സംബന്ധിച്ചും ആറ് ഐ ഫോണുകളെ സംബന്ധിച്ചും അന്വേഷിക്കുന്നതിനാണ് അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്നയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്ദീപിനേയും ചോദ്യംചെയ്യുന്നത്. നേരത്തെ കേസിലെ മറ്റൊരു പ്രതി സരിത്തിൻ്റെ മൊഴി തൃശൂര്‍ വിയ്യൂര്‍ ജയിലിലെത്തി ശേഖരിച്ചിരുന്നു.
സന്തോഷ് ഈപ്പന് നൽകിയ ഐ ഫോണുകളിൽ ഒരെണ്ണം എം. ശിവശങ്കറിനാണ് ലഭിച്ചത്. സ്വപ്നക്ക് നൽകിയത് അഞ്ച് ഫോണുകളാണെന്നാണ് സന്തോഷ് ഈപ്പൻ ഹൈകോടതിയിൽ പറഞ്ഞെതെങ്കിലും സമർപ്പിച്ച ഇൻവോയിസിൽ ആറ് ഫോണുകളുെട ഐ.എം.ഇ.ഐ നമ്പറുകളാണ് നൽകിയത്.
353829104894386 എന്ന നമ്പറിലെ 1.14 ലക്ഷം രൂപയുടെ ഐഫോൺ സ്വപ്ന ആർക്കാണ് നൽകിയതെന്ന് വ്യക്തമല്ല. ഈ ഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് ചോദ്യംചെയ്യൽ.