തിരുവനന്തപുരം: അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം നല്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യുടെ ആദ്യ ടിക്കറ്റ് പ്രകാശനം ചെയ്തു. ഇതോടൊപ്പം ലോട്ടിസ് എന്ന ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയര്, മൊബൈല്‍ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വ്വഹിച്ചു.
എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണ് ഭാഗ്യമിത്രയുടെ നറുക്കെടുപ്പ്. 100 രൂപയാണ് വില. ആദ്യ നറുക്കെടുപ്പ് ഡിസംബര്‍ ആറിന് നടക്കും. ലോട്ടറി ടിക്കറ്റ് വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ എല്ലാ ലോട്ടറി ടിക്കറ്റിലും ക്യുആര്‍ കോഡുണ്ട്. സമ്മാനത്തിനായി ഹാജരാക്കുന്ന ടിക്കറ്റിന്റെ നമ്പര്‍ തിരുത്തിയതല്ല എന്ന് കച്ചവടക്കാരന് ഉറപ്പുവരുത്താനും ഇത് വഴി സാധിക്കും. ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മൊബൈല്‍ ഫോണില്‍ ടിക്കറ്റിന്റെ നമ്പര്‍ തെളിഞ്ഞു വരും.
ടിക്കറ്റിലെ വില, ഓഫീസുകളില്‍ നിന്ന് ക്ലെയിം ചെയ്തിട്ടുള്ളതാണോ എന്നതും കൂടാതെ ലോട്ടറിയുടെ റിസള്‍ട്ടും മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഭാഗ്യകേരളം എന്ന പേരില്‍ എന്‍ഐസിയാണ് ഇത് നിര്‍മ്മിച്ചത്. പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡു ചെയ്യാം. ഇതോടെ ടിക്കറ്റ് സെക്യൂരിറ്റി പരിഷ്കാരങ്ങള്‍ സമ്പൂര്‍ണമാവുകയാണെന്ന് ധനമന്ത്രി അറിയിച്ചു.