ചെന്നൈ : തമിഴ്നാട് കൃഷിമന്ത്രി ആർ. ദുരൈക്കണ്ണൻ കൊറോണ ബാധിച്ച് അന്തരിച്ചു. 72 വയസ്സായിരുന്നു. കൊറോണയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ മാസം 13 നാണ് ദുരൈക്കണ്ണിന് കൊറോണ സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗബാധയുള്ളതായി കണ്ടെത്തുകയും തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് അർദ്ധരാത്രിയോടെയായിരുന്നു മരണം.
തഞ്ചാവൂരിലെ പാപാനാശം നിയോജക മണ്ഡലത്തിൽ നിന്നും ദുരൈക്കണ്ണ് മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2006, 2011, 2016 വർഷങ്ങളിലാണ് അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചത്. ദുരൈക്കണ്ണിന്റെ നിര്യാണത്തിൽ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുശോചനം അറിയിച്ചു.