ബംഗ്ലൂരൂ: മടിവാളയിൽ 77 തവണ ട്രാഫിക് നിയമലംഘനം നടത്തിയ സ്കൂട്ടർ ഒടുവിൽ പോലീസ് കൈയോടെ പിടികൂടി. നിയമലംഘനത്തിന് 42,500 രൂപ പിഴ ചുമത്തിയതോടെ ഉടമ യുവാവായ അരുൺകുമാർ ആശയക്കുഴപ്പത്തിലായി. ഒടുവിൽ സ്കൂട്ടർ ഉപേക്ഷിക്കാൻ ഇയാൾ തീരുമാനിച്ചു.
ഹെൽമറ്റ് ധരിക്കാത്തതിനാണ് പോലീസ് അരുൺകുമാറിനെ പിടി കൂടിയത്. തുടർന്നാണ് മറ്റു ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തിയത്. യുവാവ് 20000 രൂപയ്ക്ക് വാങ്ങിയ സെക്കൻ ഹാൻഡ് സ്കൂട്ടർ ആണിതെന്ന് പോലീസും കണ്ടെത്തി.
പിഴത്തുക സ്കൂട്ടർ വിലയുടെ ഇരട്ടിയായതിനാൽ പിടികൂടിയ സ്കൂട്ടർ വേണ്ടെന്നുവച്ച് യുവാവ് വീട്ടിലേക്ക് നടന്നു പോയി. എന്നാൽ ഇത്ര വലിയ നിയമലംഘനത്തിന് നേരേ കണ്ണടക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. സ്കൂട്ടർ പിടികൂടിയ പോലീസ് കേസ് കോടതിയിലേക്ക് വിട്ടു. പിഴ നൽകി സ്കൂട്ടർ തിരികെ കൊണ്ടുപോകാൻ കുമാർ എത്തുമോ എന്ന കാര്യത്തിൽ പോലീസും സംശയത്തിലാണ്.
മറ്റൊരു കേസിൽ 70 തവണ ഹെൽമറ്റ് വയ്ക്കാതിരുന്ന പച്ചക്കറി വ്യാപാരിയെയും പോലീസ് പിടികൂടി. 15, 400 രൂപ പിഴയും ചുമത്തി. ഒരു വർഷത്തിനിടെയാണ് ഇയാൾ ഇത്രയധികം തവണ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു.