മരണാനന്തര അവയവദാനം നിർജീവമായി; മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ 2400

കൊച്ചി: അവയവ മാഫിയയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ സംസ്ഥാനത്ത് മരണാനന്തര അവയവദാനം നിർജീവമായി. സർക്കാർ പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ മാത്രം 2400 പേരാണ്.

അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം പേർ അവയവമാറ്റം പ്രതീക്ഷിക്കുന്നു. മൂന്നു വർഷത്തിനിടെ എഴുന്നൂറിലേറെപ്പേർ അവയവങ്ങൾ ലഭിക്കാതെ മരണത്തിനു കീഴടങ്ങി. മരണാനന്തര അവയവദാനം നിർജ്ജീവാവസ്‌ഥയിലായതാണ് അവയവ മാഫിയ തഴച്ചുവളരാനുള്ള പ്രധാന കാരണം.

വൃക്കയിലാണ് തട്ടിപ്പുകൾ ഏറയും നടക്കുന്നത്. അതുപോലെ വൃക്ക കാത്തിരിക്കുന്നവർ മാത്രം സംസ്ഥാനത്ത് 1840 പേരുണ്ട്. 510 പേർ കരളിനും 39 പേർ ഹൃദയമാറ്റത്തിനും 11 പേർ മറ്റവയവങ്ങൾക്കായും കാത്തിരിക്കുന്നു. 2015 ൽ 76 മസ്തിഷ്ക മരണ അവയവദാനം നടന്നപ്പോൾ ഈ വർഷം 18 എണ്ണം മാത്രം.

മരണാനന്തര അവയവദാനം നടക്കുന്നത് സർക്കാർ പദ്ധതിയായ മൃതവജ്ജീവനി വഴി വളരെ സുതാര്യമായാണ്. തട്ടിപ്പുകൾ നടക്കുന്നത് ജീവിച്ചിരിക്കുന്നവരിൽ നേരിട്ട് അവയവങ്ങൾ സ്വീകരിക്കുന്ന സംഭവങ്ങളിലും. ഇത് തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തത് കാരണമാണ് പ്രിയപ്പെട്ടവർക്ക് മസ്തിഷ്ക മരണം സംഭവിച്ചാലും അവയവ ദാനത്തിന് ബന്ധുക്കൾ മടിക്കുന്നത്. മാഫിയ ലക്ഷ്യം വയ്ക്കുന്നതും ഈ തെറ്റിദ്ധാരണ വളർത്തുകയാണ്.