ബംഗാളിലും അസമിലും കോൺഗ്രസുമായി ധാരണയ്ക്ക് സിപിഎം ;സ്വർണക്കടത്തു കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് യെച്ചൂരി

ന്യൂഡെൽഹി: സ്വർണക്കടത്തു കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് സപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ കാര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണ് പാർട്ടി നിലപാട്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടേ എന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

പശ്ചിമ ബെംഗാളിലും അസമിലും കോൺഗ്രസുമായി സഹകരിക്കുമെന്നും തമിഴ്നാട്ടിൽ ഡിഎംകെ. മുന്നണിയുടെ ഭാഗമായി തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. കേസിൽ അന്വേഷണം നടക്കട്ടെ. കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടേ എന്നുള്ളതായിരുന്നു ബിനീഷ് വിഷയത്തിൽ കോടിയേരി സ്വീകരിച്ച നിലപാട്. ഇതേ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും യെച്ചൂരി പറഞ്ഞു. ബിനീഷ് പാർട്ടി അംഗമല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനെകുറിച്ചും യെച്ചൂരി പ്രതികരിച്ചു. ശിവശങ്കർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടേ. പക്ഷെ, കേന്ദ്ര ഏജൻസികളെ വെച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലും ഇത് ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.