ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ പീഡനത്തിന് ഇരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരണത്തിന് കീഴടങ്ങി

പൈനാവ്: ഇടുക്കിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ പീഡനത്തിന് ഇരയായതിനെ തുടർന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരണത്തിന് കീഴടങ്ങി. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഒക്ടോബർ 22നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ അയൽവാസിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ മനുവിനെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സംഘടനയിൽ നിന്ന് ഡിവൈഎഫ്ഐ പുറത്താക്കുകയും ചെയ്തു. അറസ്റ്റിലായ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.

65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

പിന്നീടാണ് തിരുവനനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ വീണ്ടും മോശമാവുകയും മരിക്കുകയുമായിരുന്നു.