തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ സമരക്കാരെത്തിയതില്‍ പൊലീസിനെതിരെ നടപടി. മ്യൂസിയം സി.ഐ, എസ്.ഐ എന്നിവരെ സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കമ്മിഷണറെയും ഡി.സി.പിയെയും വിളിച്ച് മുഖ്യമന്ത്രി കാരണം തിരക്കിയിരുന്നു.
മുഖ്യമന്ത്രി വസതിയിലുണ്ടായിരിക്കെയാണ് പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ പ്രധാന കവാടത്തിന് മുമ്പിലെത്തി പ്രതിഷേധിച്ചത്.
രാത്രി ഏഴ് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ദേവസ്വം ബോർഡ് ജംങ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറി. ഗാർഡ് റൂമിന് മുമ്പിലെത്തി പ്രതിഷേധിച്ചു. പിന്നാലെ കൂടുതൽ പോലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.