കേന്ദ്രകാർഷിക നിയമ​ങ്ങൾക്കെതിരെ രാജസ്ഥാനിൽ പ്രമേയം കൊണ്ടു വരാനൊരുങ്ങി അശോക്​ ഗെഹ്​ലോട്ട്​

ജയ്​പൂർ: വിവാദമായ കേന്ദ്രസർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം കൊണ്ടു വരാനൊരുങ്ങുകയാണ് കോൺഗ്രസ്​ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ അശോക്​ ഗെഹ്​ലോട്ട്​ സർക്കാർ. ഇന്ന് തുടങ്ങുന്ന 15ാം നിയമസഭയുടെ അഞ്ചാം സെഷനിൽ പ്രമേയം അവതരിപ്പിക്കുമെന്നാണ്​ സൂചന.

നിയമത്തിനെതിരെ ​പ്രമേയമോ ബില്ലോ രാജസ്ഥാനിലെ അശോക്​ ഗെഹ്​ലോട്ട്​ സർക്കാർ അവതരിപ്പിക്കുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വിവരം. താങ്ങുവിലക്ക്​ താഴെ കർഷകരിൽ നിന്ന്​ കാർഷിക ഉൽപന്നങ്ങൾ വാങ്ങിയാൽ അഞ്ച്​ വർഷം വരെ തടവ്​ ശിക്ഷ നൽകാനുള്ള നിയമം രാജസ്ഥാൻ സർക്കാർ കൊണ്ടു വരുമെന്നുമെന്നാണ് സൂചന.

അതേസമയം, രാജസ്ഥാൻ സർക്കാർ പ്രമേയം അവതരിപ്പിക്കുന്നതിനെ എതിർത്ത്​ ബിജെപി രംഗത്തെത്തി. കേന്ദ്രസർക്കാരിൻ്റെ നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തിന്​ നിയമപരമായി സാധുതയുണ്ടാവില്ലെന്നാണ്​ ബിജെപി വാദം. രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്​ എതിരാണ്​ കോൺഗ്രസ്​ സർക്കാരിൻ്റെ നടപടിയെന്നും ബിജെപി വിമർശിക്കുന്നു. കാർഷിക നിയമങ്ങൾ പാർലമെൻറിൽ പാസാക്കിയപ്പോൾ അതിനെ നിശിതമായി വിമർശിച്ച്​ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ രംഗത്തെത്തിയിരുന്നു.