എറണാകുളം: പൊലീസ് എന്നാൽ ക്രൂരതയുടെ മുഖം ആണ് ആരുടെയും മനസ്സിൽ ഓടിയെത്തുന്നത്. ലാത്തിക്കടിയും ഉരുട്ടി കൊലയും അങ്ങനെ ഒരുപാട് ദുഷ് പേരുകൾ നമ്മുടെ കേരളാ പൊലീസിന് ഉണ്ട്. എന്നാൽ അതിനിൽ നിന്നും വ്യത്യസ്തമായി നന്മയുടെ ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരെ നമ്മൾ ഈ ലോക് ഡൗൺ കാലത്ത് കണ്ടിരുന്നു. അത്തരം ഒരു പ്രവർത്തിയെ കുറിച്ച് എറണാകുളം റൂറൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജിനേഷ് ചേരമ്പില്ലി യുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് സമൂഹ മാധ്യമത്തിൽ വൈറൽ ആകുന്നത്.
ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര ചെയ്ത രണ്ട് കോളേജ് വിദ്യാർത്ഥികളുടെ അവസ്ഥ മനസിലാക്കി സമയോചിതമായി പെരുമാറിയ എസ് ഐ യെ അനുമോദിച്ചു കൊണ്ടാണ് കുറുപ്പ്.
ഫേസ്ബുക്ക് കുറിപ്പ്
ഇന്നലെ ഉച്ച സമയത്ത് വാഹനപരിശോധനക്കിടെ ഒരു ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ വന്ന രണ്ട് പയ്യന്മാരെ കൈ കാണിച്ച് നിര്‍ത്തി. തൊട്ടടുത്തുളള സ്വാശ്രയ കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ ആണവർ. കൊറോണക്കാലം ആയത്കൊണ്ടും വിദ്യാര്‍ത്ഥികള്‍,ആയത്കൊണ്ടും ഫൈനിൽ ഒരു ചെറിയ വിട്ടു വീഴ്ചയൊക്കെ കൊടുത്തു . ഫൈന്‍ അടക്കാനായി റസീപ്റ്റ് ബുക്കില്‍ എസ് ഐ സാര്‍ അവന്റെ അഡ്രസ്സ് ഡീറ്റെയില്‍സ് എഴുതി കഴിഞ്ഞ ശേഷം ആണ് അവന്റേയും കൂട്ടുകാരന്റേയും പോക്കറ്റും , ബാഗും , പേഴ്സുമെല്ലാം തപ്പിപെറുക്കി കൊണ്ടു വന്ന പൈസ അവന് കൊടുക്കുന്നത് . ഒരു 50 രൂപ നോട്ടും ബാക്കി 20 ഉം പത്തും രണ്ട് 5 രൂപ തുട്ടുമായി 200 രൂപ തികച്ച് തന്നപ്പോള്‍ ഒരു വിഷമം തോന്നി ഞാന്‍ തിരക്കി നിങ്ങള്‍ എവിടെ പോകുന്നതാണ് ?
കോളേജിനടുത്താണ് താമസിക്കുന്നത് , ഓൺലൈൻ ക്ലാസ്സും പിന്നെ പരീക്ഷയുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങള്‍ക്കൊക്കെയായി അവിടെ തന്നെയാണ് ഞങ്ങള്‍ കുറേ പേര് താമസിച്ച് പഠിക്കുന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോണ വഴിയായിരുന്നു ഇത്.
കൈയ്യിലുളള കാഷ് ഫൈന്‍ അടച്ച് തീര്‍ത്തൂന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ ചോദിച്ചു അക്കൗണ്ടില്‍ കാഷ് ഉണ്ടാകില്ലേ…..?
ഇല്ല സാര്‍….നാളെ മുതല്‍ അവധി ആയത്കൊണ്ട് പെട്രോള്‍ അടിക്കാനുളള കാഷ് അമ്മ അയച്ച് തരും , വൈകുന്നേരത്തോടെ മടങ്ങും , കോട്ടയത്താണ് വീട്. വീട്ടില്‍ പോകാനുളള പാക്കിങ്ങിനിടക്ക് ഫുഡ് കഴിക്കാന്‍ പെട്ടെന്ന് ഇറങ്ങിയത് കൊണ്ടാണ് ഹെല്‍മെറ്റ് വെക്കാതിരുന്നത്.
(അത് 100% സത്യമാണെന്ന് ആ മുഖ ഭാവം കണ്ടാല്‍ അറിയാം )
അവനോടുളള എന്റെ ചോദ്യങ്ങള്‍ കേട്ട് എന്റെ മനസ്സ് അറിഞ്ഞപോലെ തന്നെ എസ് ഐ സാറ് ആ ഫൈന്‍ അടച്ച റസീപ്റ്റിനൊപ്പം അവന് തന്ന പൈസയും തിരിച്ചു കൊടുത്തു . അത് കണ്ട് അമ്പരന്ന അവനോട് ഇതു കൊണ്ട് പോയി നിങ്ങ ഭക്ഷണം കഴിച്ചോളൂന്ന് പറഞ്ഞു . അഭിമാന ബോധം കൊണ്ടാവണം വേണ്ടാന്ന് പറഞ്ഞ അവനോട് നീ ഇത് കൊണ്ട് പൊയ്ക്കോളളൂ , പിന്നീട് വീട്ടില്‍ പോയി വരുമ്പോള്‍ സ്റ്റേഷനില്‍ കൊണ്ടു തന്നാല്‍ മതി എന്ന് എസ് ഐ പറഞ്ഞു. അവരതും വാങ്ങി നന്ദിയും പറഞ്ഞ് പോയി. ഞങ്ങള്‍ ചെക്കിങ് കഴിഞ്ഞ് സ്റ്റേഷനിലേക്കും പോയി.
രണ്ട് മണിക്കൂര്‍ ആകും മുമ്പേ തന്നെ ഹെല്‍മെറ്റൊക്കെ വെച്ച് ഈ പയ്യന് സ്റ്റേഷനില്‍ വന്നു. കൈയ്യില്‍ കൂട്ടുകാരോട് കടം വാങ്ങിയ 200 രൂപയുമുണ്ട്. അവന് ആ പൈസ സന്തോഷത്തോടെ സാറിന് കൊടുത്തു. സാറത് വാങ്ങി അവന് തന്നെ അത് തിരിച്ച് കൊടുത്തു. അവനത് കണ്ട് അമ്പരന്ധ് നില്ക്കുമ്പോള് സാറ് പറഞ്ഞൂ ഞാനത് നിനക്ക് തന്നത് സന്തോഷത്തോടെ തന്നെ ആയിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 200 രൂപ എന്നത് ഒരു വലിയ തുക തന്നെയാണ്. നിന്നില്‍ നിന്നും ഞാനത് അപ്പോ വാങ്ങിയത് എന്റെ ജോലിയുടെ ഭാഗമായാണ് . ഒത്തിരി ആക്സിഡന്റ് കേസുകള്‍ നേരിട്ടും ഹോസ്പിറ്റലിലും പോയി കണ്ടത് കൊണ്ട് ഹെല്‍മെറ്റിന്റെ ഗുണം എന്താണെന്ന് ശരിക്കും അറിയാം… അതുകൊണ്ടാണ് ഫൈന്‍ അടപ്പിച്ചത് . ഭക്ഷണം കഴിക്കാനുളള നിന്റെ പണം ഞാന്‍ ഫൈന്‍ അടപ്പിച്ചത് ജീവിതത്തില്‍ നീയൊരിക്കലും മറക്കില്ല എന്ന് എനിക്കറിയാം, ഞാന്‍ ചെയ്തത് എന്റെ ഡ്യൂട്ടി മാത്രമാണ് . ഇനിയെങ്കിലും വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ കൃത്യമായ നിയമങ്ങള്‍ നീ പാലിക്കുക , നന്നായി പഠിക്കുക.
ഒരിക്കലും സാറിനെ മറക്കില്ല എന്ന് പറഞ്ഞ് അവിടെന്ന് പോകാന്‍ നേരം ബൈക്കില്‍ കയറി ഹെല്‍മെറ്റ് ധരിച്ച് അവന് പറഞ്ഞു ഇനിയൊരിക്കലും ഹെല്‍മെറ്റ് വെക്കാതെ ഞാന്‍ ബൈക്ക് ഓടിക്കില്ല സാറേ……സത്യം
ആ വാക്കുകള്‍ 100% ആത്മാര്‍ത്ഥത ഉളളതാണെന്ന് ആ കാഴ്ച കണ്ട ആര്‍ക്കും തിരിച്ചറിയാന്‍ ആകുമായിരുന്നു…