കെവി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായേക്കും; ഹൈക്കമാന്‍ഡ് തീരുമാനം ഉടൻ

തിരുവനന്തപുരം: കെ.വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിൽ നിന്നും ഉടനുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി തോമസ്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ, ഒന്നുകില്‍ എഐസിസിയില്‍ അര്‍ഹമായ സ്ഥാനം,‌അല്ലെങ്കില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, അതുമല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനർ എന്നതായിരുന്നു കെ വി തോമസ് മുന്നോട്ടുവച്ച ആവശ്യം.

പുനസംഘടനാ സമയത്ത് എം.ഐ ഷാനവാസ് മരിച്ച ഒഴിവില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ വി തോമസിന്റ പേര് ഉയര്‍ന്നെങ്കിലും ഇരുഗ്രൂപ്പുകളും അനുകൂലിച്ചില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് അരൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റ ചാര്‍ജ് ഏറ്റെടുത്ത കെ.വി തോമസ് അവിടെ മികച്ച വിജയം സമ്മാനിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമെന്ന ആവശ്യം നീണ്ടു.

അടുത്തിടെ സെക്രട്ടറിമാരുടേയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്തുപേരുടേയും പട്ടിക നല്‍കിയപ്പോഴും കെ.വി തോമസിന്റ കാര്യത്തില്‍ ഹൈക്കമാന്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കെപിസിസി നേതൃത്വം രേഖപ്പെടുത്തിയത്.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം.എം ഹസന്‍ കൂടി വന്നതോടെ അതൃപ്തി കേരളത്തിന്റ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും സോണിയ ഗാന്ധിയേയും കെ.വി തോമസ് നേരിട്ട് അറിയിച്ചു. തുടര്‍ന്ന് ദേശീയനേതൃത്വത്തിന്റ കൂടി ഇടപെടലോടെയാണ് വര്‍ക്കിങ് പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് വരുന്നത്. തോമസിന്റ സേവനം സംസ്ഥാനതലത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റും ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.