തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് സർക്കാർ പുതിയ പാക്കേജ് തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ രണ്ടുവർഷവും 1000 കോടി രൂപ വീതം കെഎസ്ആർടിസിക്ക് നൽകി. നടപ്പു വർഷത്തിൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ ധനസഹായം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കെഎസ്ആർടിസി പുനരുദ്ധരിക്കും.
കെഎസ്ആർടിസിക്കായുള്ള പുതിയ പാക്കേജ് ഇങ്ങനെ
ബാങ്കുകൾ, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികൾ കുടിശികയിലാണ്. മെഡിക്കൽറീ ഇംബേഴ്സ്മെന്റും. ജൂൺ മാസം അവസാനം വരെയുള്ള കണക്കുപ്രകാരം 255 കോടി രൂപ ഈ വകയിൽ 2016 മുതൽ നൽകാനുണ്ട്. ഈ തുക സർക്കാർ അടിയന്തരമായി കെഎസ്ആർടിസിക്ക് ലഭ്യമാക്കും.
2012 നുശേഷം ശമ്പളപരിഷ്കരണം നടപ്പായിട്ടില്ലാത്തതിനാൽ എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കും. ഇതിനുള്ള അധിക തുക സക്കാർ കെഎസ്ആർടിസിക്ക് നൽകും. പാക്കേജിന്റെ ഭാഗമായി ശമ്പളപരിഷ്കരണത്തിനുള്ള ചർച്ചകൾ ആരംഭിക്കും.
എംപാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതിവിധിയുടെ അടിസ്ഥാനത്തിൽ പത്തുവർഷം സേവനമുള്ളവരും പിഎസ്സി അല്ലെങ്കിൽ എംപ്ലോയ്മെന്റ്് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആർടിസിയുടെ സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തിൽ തുടർന്നും തൊഴിൽ നൽകും.
സ്കാനിയ, വോൾവോ ബസുകൾ, ദീർഘദൂര ബസുകൾ, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
സംസ്ഥാന സർക്കാരിന് കെഎസ്ആർടിസി നൽകാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോർപ്പറേഷന് ബാധ്യതയില്ലാത്ത രീതിയിൽ പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കും. കൺസോർഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സർക്കാരിൽ നിന്നല്ലാതെ കെഎസ്ആർടിസിക്ക് വായ്പയെടുക്കാൻ അവകാശമില്ല.
സർക്കാർ മുൻകൈയെടുത്ത് കൺസോർഷ്യവുമായി ചർച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും. അടുത്ത മൂന്നുവർഷം കൊണ്ട് കെഎസ്ആർടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആർടിസി നൽകുന്ന സൗജന്യ സേവനങ്ങൾക്ക് പ്രതിഫലമായി ഗ്രാന്റായി കോർപ്പറേഷന് സർക്കാർ നൽകും. പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.