ഹിമാചല്‍ പ്രദേശ് കഞ്ചാവ് കൃഷിയുടെ കേന്ദ്രമെന്ന് ഉദ്ധവ് താക്കറെ; ഇത്ര വിവരമില്ലാത്ത ആളാണോ താക്കറെയെന്ന് കങ്കണാറണാവത്ത്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് കഞ്ചാവ് കൃഷിയുടെ കേന്ദ്രമാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി ബോളിവുഡ് താരം കങ്കണാറണാവത്ത്. ഇത്ര വിവരമില്ലാത്തയാളെയാണോ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് പരിഹസിച്ച കങ്കണ തന്റെ നാടിന്റെ കാര്‍ഷിക സാംസ്‌ക്കാരിക ആദ്ധ്യാത്മീക പൈതൃകങ്ങള്‍ വിവരിച്ചാണ് ശിവസേനാ നേതാവിന് മറുപടി നല്‍കിയത്.

ഞായറാഴ്ച ദസഹാ ആഘോഷത്തിലായിരുന്നു ഉദ്ധവിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് കങ്കണ മറുപടി നല്‍കിയത്. മുഖ്യമന്ത്രി നിങ്ങള്‍ വെറും അധമനാണ് എന്നായിരുന്നു കങ്കണ തിരിച്ചടിച്ചത്. ജനസേവകന്‍ എന്ന നിലയില്‍ ചെറിയ കലഹങ്ങളില്‍ ഏര്‍പ്പെട്ട് നിങ്ങളുടെ മുഖ്യമന്ത്രി പദത്തെയാണ് നാണം കെടുത്തുന്നത്.നിങ്ങളെ അംഗീകാരിക്കാത്ത ആള്‍ക്കാരെ അപമാനിക്കാനും നാണം കെടുത്താനും നാശമുണ്ടാക്കാനും അധികാരം ഉപയോഗിക്കുകയാണ്.
വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന നിങ്ങള്‍ക്ക് ആ കസേരയില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ല. നാണക്കേട് എന്നും താരം കുറിച്ചു.

‘ഹിമാചല്‍ പ്രദേശ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന നാടാണ്. കുറ്റകൃത്യങ്ങള്‍ തീരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ള നാട്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഏറ്റവും വളക്കൂറുള്ള മണ്ണുള്ള ഇവിടെ ആപ്പിളും കിവിയും മാതളവും സ്‌ട്രോബറിയും ഉള്‍പ്പെടെ എന്തും വളരും. പ്രതികാരചിത്തനും ഇടുങ്ങിയ ചിന്താഗതിക്കാരനുമായ നിങ്ങളെ ഈ സംസ്ഥാനം ശിവന്റെയും പാര്‍വതിയുടെയും വാസസ്ഥലവും മാര്‍ക്കണ്ഡേയനും മനു ഋഷിയും ഉള്‍പ്പെടെയുള്ള മഹര്‍ഷികളുടെയും നാടും പാണ്ഡവര്‍ കൂടുതല്‍ കാലം കഴിഞ്ഞ ഇടം കൂടിയാണെന്നും അറിയിക്കുകയാണ് ഞാന്‍.’ കങ്കണ കുറിച്ചു.

ഹിമാചലില്‍ കുറ്റകൃത്യം തീരെയില്ലെന്ന തന്റെ വാദം ഒരിക്കല്‍ കൂടി കങ്കണ ഉറപ്പിച്ചു. ഒരു മുഖ്യമന്ത്രിയുടെ തുറന്ന മുട്ടാളത്തരത്തില്‍ ഞാന്‍ മുങ്ങിപ്പോയിരിക്കാം. അതുകൊണ്ട് ആദ്യത്തെ ട്വീറ്റില്‍ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. ഹിമാചല്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നാടാണ്. പണക്കാരായാലും ദരിദ്രരായാലും ഹിമാചലില്‍ ആരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ല. അതൊരു ആത്മീയഭൂമികയാണ്. അവിടുത്തെ ജനങ്ങള്‍ നിഷ്‌ക്കളങ്കരും ദയാലുക്കളുമാണ്.

‘രാജ്യത്തെ ഇങ്ങിനെ വിഭജിക്കുന്ന മുഖ്യമന്ത്രിയുടെ അഹങ്കാരം നോക്കൂ.. മഹാരാഷ്ട്ര ഇയാളുടെ തറവാട്ടു സ്വത്താണോ എന്നും കങ്കണ ചോദിക്കുന്നു. മുമ്ബ് ആരോ ചെയ്തിരുന്നതും ഇനി ആരെങ്കിലും വരുമ്ബോള്‍ മാറിക്കൊടുക്കേണ്ടതുമായ ജനസേവനം ചേയ്യുന്ന ഒരാള്‍ മഹാരാഷ്ട്ര അയാളുടെ സ്വന്തമാണെന്ന രീതിയില്‍ പെരുമാറുന്നത് എന്തിനാണ്? ഹിമാലയത്തിന്റെ ഭംഗി എല്ലാ ഇന്ത്യാക്കാരുടേതുമാണ്.

അതുപോലെ തന്നെയാണ് മുംബൈ വെച്ചു നീട്ടുന്ന അവസരവും. രണ്ടും എനിക്ക് വീടാണ്. ഞങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ തട്ടിപ്പറിച്ചും ഞങ്ങളെ വിഭജിച്ചും നിങ്ങളുടെ വൃത്തികെട്ടതും മലിനവുമായ പ്രവര്‍ത്തികളും പ്രസംഗങ്ങളും കൊണ്ട് പേടിപ്പിക്കാന്‍ നോക്കരുത്.’ കങ്കണ പറഞ്ഞു.